
അയമുട്ട്യാക്കയും 'സ്റ്റൂളും'
ഒരു കയ്യില്‍ തൂക്കിപ്പിടിച്ച സ്റ്റൂളുമായി വരുന്ന രോഗിയെക്കണ്ട് മലയാളി നേഴ്സ് പൊട്ടിച്ചിരിച്ചു. കാര്യമറിയാതെ അയമുട്ടിക്ക അന്തം വിട്ടു. വിദേശിയായ നേഴ്സ്ഉം ചിരിക്കുന്നത് കണ്ടതോടെ എന്തോ പന്തികേടുണ്ടെന്ന് മനസ്സിലായി...
സ്കൂള്‍ വാദ്ധ്യാരുടെ മകന്‍ ആണെങ്കിലും കുടുംബ പ്രാരാബ്ദം കൊണ്ട് എഴാം ക്ലാസ്സിലേറെ പഠിക്കാന്‍ കഴിയാതെ നാട് വിട്ടു. മദിരാശിയിലും ബാംഗളൂരിലുമായി പത്തിരുപത്തഞ്ഞു വര്ഷം ബേക്കറിയിലും ഹോട്ടലിലും കാലം കഴിച്ചു കൂട്ടി...നിത്യച്ചിലവിന്നു കാശയക്കും.. ഒന്നും ബാക്കിയാവുന്നില്ല ... കടങ്ങള്‍ ഏറി വരുന്നു ....
അങ്ങിനെയിരിക്കുമ്പോള്‍ ആണ് ആളുകള്‍ സൌദിയിലേക്ക് പോകുന്ന വിവരം കേട്ടത്. ഹജ്ജിനു പോയാല്‍ മതി എന്നും ഹജ്ജിനു ശേഷം അവിടെ ജോലിയുമായി കൂടാം എന്നതും ഒരു പുതിയ അറിവായിരുന്നു. മാതാപിതാക്കളോടും ഭാര്യയോടും മറ്റും വിവരം പറഞ്ഞു. കാശ് ഒപ്പിച്ചു. ഒരു ഹജ്ജും കിട്ടുമല്ലോ. മനസ്സില്‍ ആധിയുന്ടെങ്കിലും പുറമേ സന്തോഷം കാണിച്ചു.
പഠിച്ചവരും പഠിക്കാത്തവരും ഇനി ജോലി നോക്കാമെന്ന് പറഞ്ഞു വിദ്യാഭ്യാസം നിര്ത്തിയവരും കൂട്ടത്തോടെ 1977-ല്‍ ഹജ്ജ് വിസയില്‍ വന്നു. ഒരു ഇരുമ്പ് പെട്ടിയുമായി അയമുട്ടിയക്കയും അവരോടൊപ്പം കപ്പല്‍ കയറി.
ഹജ്ജ് കഴിഞ്ഞു. പ്രാര്‍ത്ഥനയുമായി ഹറമില്‍ കഴിയുന്ന സമയം. കയ്യിലുള്ള തുട്ടുകള്‍ തീരാറായി. അപ്പോഴാണ് ഭാവിയെക്കുറിച്ച് കൂടുതല്‍ തല പുണ്ണാക്കാന്‍ തുടങ്ങിയത്.
ഒരു ദിവസം ജുമുഅ നമസ്കാരം കഴിഞ്ഞു ഹറമിന് പുറത്തു തന്നെപ്പോലെ ഹജ്ജിനെത്തി കൂട്ടുകാരായി മാറിയവരുമായി സംസാരിച്ചു നില്‍ക്കെ ജിദ്ദയില്‍ ഉയര്‍ന്ന ഉദ്യോഗം വഹിക്കുന്ന ആളുമായ നാട്ടുകാരനെ യാദൃച്ചികമായി കണ്ടപ്പോള്‍ വല്ലാത്ത സന്തോഷം; ഇരുവരും ആശ്ലേഷിച്ചു. നാട്ടിലേയും വീട്ടിലേയും വിവരങ്ങള്‍ തിരക്കിയ ശേഷം അദ്ദേഹം പറഞ്ഞു എന്റെ കൂടെ ജിദ്ദയിലേക്ക് പോന്നോളൂ എന്ന്.
അദ്ദേഹം കുടുംബ സമേതം താമസിക്കുന്ന ആളാണെന്നു അറിയാവുന്നത് കൊണ്ട് ശങ്കിച്ചെങ്കിലും അവിടെ വന്നാല്‍ ഞാന്‍ എവിടെയാണ് താമസിക്കുക എന്ന ചോദ്യത്തിന് എനിക്കൊരു ഫ്ലാറ്റ് ഉണ്ട് അവിടെ നിനക്കും താമസിക്കാമെന്ന ഉത്തരം കൂടുതല്‍ ആത്മ വിശ്വാസം നല്‍കി.
അങ്ങിനെ ആദ്യമായി ഗള്‍ഫ് സ്വപ്നവുമായി തനിച്ചെത്തിയ തനിക്കു ദൈവം മുന്നിലെത്തിച്ച ആളോടൊപ്പം ജിദ്ദയില്‍ പോയി; അദ്ദേഹം മാനേജര്‍ ആയ കമ്പനിയില്‍ തന്നെ ജോലിയും കിട്ടി.
ജോലി ചെയ്തു കൊണ്ടിരിക്കെ ഒരു ദിവസം കടുത്ത പനിയും ദേഹം മുഴുവന്‍ വേദനയും. കമ്പനി പേപ്പര്‍ വാങ്ങി ഒരു ഹോസ്പിറ്റലില്‍ പോയി. ഇജിപ്തുകാരനായ ഡോക്ടര്‍ വിശദമായി പരിശോധിച്ച് കുറിപ്പ് തന്നു. ചില ടെസ്റ്റുകള്‍ നടത്തണം. അതില്‍ സ്റ്റൂള്‍ ടെസ്റ്റ് ചെയ്യണമെന്നു പറഞ്ഞതാണ് അയമുട്ടിക്കയെ കുടുക്കിയതും തൊട്ടടുത്ത റൂമില്‍ നിന്നും ഇരിക്കാനിട്ട സ്റ്റൂള്‍ കൊണ്ടുവന്നതും !
മലയാളി നേഴ്സ് അര്‍ഥം പറഞ്ഞു കൊടുത്തപ്പോഴാണ് 'മലം' എങ്ങിനെയാണ് ആംഗലേയ ഭാഷയില്‍ പറയുകയെന്നു പിടുത്തം കിട്ടിയത്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയിട്ടില്ലെങ്കില്‍ സായിപ്പന്മാരില്‍ നിന്നും ഇതിന്റെ അര്‍ത്ഥമെങ്കിലും മനസ്സിലാക്കാമായിരുന്നു എന്ന് തോന്നാതിരുന്നത്രേ. തന്റെ ജാള്യത പുറത്തുകാണിക്കാതെ ചിരിയില്‍ പങ്കു ചേര്ന്ന് അന്ന് തടിതപ്പിയ കാര്യം ഒരു മാസം മുമ്പ് പ്രവാസ ജീവിതത്തോട് വിട ചൊല്ലി പോകുമ്പോഴും പറഞ്ഞു ചിരിക്കാന്‍ അയമുട്ടിയ്ക്ക മറന്നില്ല.....