അവാര്‍ഡ്‌ നേടിയ ബാലകൃഷന്‍ വള്ളിക്കുന്ന് സാറിന് ഒരു ശിഷ്യന്റെ ആയിരമായിരം പൂച്ചെണ്ടുകള്‍



മാപ്പിള കലയെയും സാഹിത്യത്തെയും കുറിച്ച ഒട്ടേറെ പ്രഭാഷണങ്ങള്‍ നടത്തുകയും പഠന പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ഗവേഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള ആളാണ്‌ എന്റെ ഗുരുനാഥന്‍ കൂടിയായ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് മാസ്റ്റര്‍. എസ്.എസ്.എഫ്. ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യോല്സവ് അവാര്‍ഡ്‌ സാറിനു കിട്ടിയതില്‍ എന്നെപ്പോലുള്ള ശിഷ്യന്മാര്‍ വളരെയധികം സന്തോഷിക്കുന്നു.



സാറിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സ്കൂള്‍ വിദ്യാഭ്യാസ കാലത്തെയാണ് ഓര്‍മ്മ വരുന്നത്. എസ്.എസ്.എല്‍.സി.ക്ക് പഠിച്ചു കൊണ്ടിരിക്കെയാണ് സാറുമായി കൂടുതല്‍ അടുക്കാനായത്. തിരൂരങ്ങാടി ഗവര്‍മെന്റ് സ്കൂളിലെ മലയാളം അദ്ധ്യാപകന്‍ ആയിരുന്നു ബാലകൃഷ്ണന്‍ മാസ്റ്റര്‍. വിദ്യാര്തികളുടെ സാഹിത്യ വാസനയെ പ്രോത്സാഹിപ്പിക്കുന്ന ത്തില്‍ മറ്റു അധ്യാപകരെക്കാള്‍ മുന്നില്‍ സാര്‍ ഉണ്ടായിരുന്നു. ഇടക്കിടെ സാഹിത്യ സമാജം ഉണ്ടാവും. കൂടാതെ ഒരു സ്കൂളില്‍ ഒരു കയ്യെഴുത്ത് മാസിക ആരംഭിച്ചത് സാറിന്റെ മേല്‍ നോട്ടത്തില്‍ ആയിരുന്നു. ശ്രീധരന്‍, അബ്ദുറഹിമാന്‍, മോഹന്‍ദാസ്‌ തുടങ്ങി ഞങ്ങള്‍ നാലഞ്ചു പേര്‍ ആയിരുന്നു അതിനു സാറിനോടൊപ്പം ഉണ്ടായിരുന്നത്.

അതിന്നിടയിലാണ് അന്നത്തെ ഉപമുഖ്യമന്ത്രിയും സ്ഥലം എം.എല്‍.എ.യുമായ കെ. അവുക്കാദര്‍കുട്ടി നഹ സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ വന്നത്. സ്വാഗത പ്രസംഗം നടന്നു കൊണ്ടിരിക്കെ എന്നെ ബാലകൃഷ്ണന്‍ സാര്‍ എന്നെ വിളിച്ചു കൊണ്ട് പോയി സ്റ്റേജില്‍ അവസാന നിരയില്‍ വെച്ച് അന്നത്തെ പ്രോഗ്രാം എഴുതിച്ചു. ആ വര്ഷം നടത്തിയ കയ്യെഴുത്ത് മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയത് കൊണ്ടായിരിക്കാം എഴുതാന്‍ വിളിച്ചത്. അത് എഴുതിക്കൊണ്ടിരിക്കെ എന്നെ കണ്ട നഹാ സാഹിബ് തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്ന പി.ടി.എ. പ്രസിഡന്റും അധ്യക്ഷനുമായ കാരാടന്‍ മുഹമ്മദ്‌ ഹാജിയോട് (എന്റെ വല്ലിപ്പയുടെ സഹോദരന്‍) ചോദിച്ചു ഇവന്‍ മൊയ്തീന്റെ മകനല്ലേ എന്ന്.

സ്കൂള്‍ പഠനത്തിന്നിടെ മാതൃഭൂമി പത്രത്തില്‍ വന്നിരുന്ന 'യുവരശ്മി' എന്ന പംക്തിയില്‍ ഉണ്ടാവുന്ന ചര്‍ച്ചയില്‍ ഇടക്കിടെ അഭിപ്രായങ്ങള്‍ എഴുതി അയക്കും. ചിലത് വെണ്ടയ്ക്ക അക്ഷരത്തില്‍ വരാറുണ്ട്. ഹിപ്പികളെ ക്കുറിച്ചുള്ള ചര്‍ച്ചയില്‍ 'മുളയില്‍ തന്നെ നുള്ളണം' എന്ന തലക്കെട്ട വന്നത് വെണ്ടയ്ക്ക അക്ഷരത്തില്‍ ആയിരുന്നു എന്നത് ഓര്‍ക്കുന്നു. അതൊക്കെ വായിച്ചു സാറും പ്രോത്സാഹിപ്പിച്ചിരുന്നു. പത്രത്തില്‍ വരുന്നത് കാണിച്ചു തന്നിരുന്നത് എന്റെ പിതാവായിരുന്നു. ഞങ്ങളുടെ കടക്കു തൊട്ടടുത്തുള്ള കടയില്‍ മാതൃഭുമി പത്രമാണ്‌ വാങ്ങാറ്.

അതിന്നിടയില്‍ ഞാനൊരു കൊച്ചു നാടകം എഴുതി ആകാശവാണിയിലേക്ക് അയച്ചു. കുറച്ചു ദിവസം കഴിഞ്ഞു അത് പോയ പോലെ തന്നെ തിരിച്ചു വന്നു; കൂടെ ഇംഗ്ലീഷില്‍ ഒരു കുറിപ്പും ഉണ്ടായിരുന്നു. അര്‍ഥം അറിയാന്‍ പോയത് സാറിന്റെ അടുത്തേക്ക് തന്നെ. ആകാശവാണിക്ക് നാടകം കൊള്ളാമെന്നു അത് ശബ്ദരേഖ രൂപത്തില്‍ ആക്കി അയച്ചു കൊടുക്കണം എന്നുമാണ് കുറിപ്പില്‍ ഉള്ളതെന്ന് ബാലകൃഷ്ണന്‍ സാര്‍ പറഞ്ഞു. ആകാശവാണിയിലെ പ്രോഗ്രാം ഡയരക്റ്റര്‍ എ.പി. മെഹറലിയാണ് ഒപ്പിട്ടതെന്ന് ഓര്‍ക്കുന്നു. പിന്നീട് അത് തൊട്ടു നോക്കാതെ മേശ വലിപ്പില്‍ കിടന്നു ചിതല്‍ അരിച്ചു. പിന്നീട് ആ ഉദ്യമത്തിന് മുതിര്‍ന്നില്ല.

ബാലകൃഷ്ണ്‍ വള്ളിക്കുന്ന് എന്ന സാറിനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ മനസ്സില്‍ വന്നത് കുറിച്ചിട്ടു എന്ന് മാത്രം. സാര്‍ എന്നും വിദ്യാര്‍ത്ഥികളുടെ കല-സാഹിത്യ അഭിരുചികളെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നത് നന്ദിയോടെ സ്മരിക്കുന്നു.