ഓര്‍മ്മകളിലെ റഹീം മേച്ചേരി


(പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനും 'ചന്ദ്രിക' എഡിറ്ററും മുസ്ലിം ലീഗ് നേതാവുമായിരുന്ന റഹീം മേച്ചേരിയെക്കുറിച്ച് പ്രശസ്ത പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ മേരി ലില്ലി എഴുതിയ ലേഖനം)

റഹീം മേച്ചേരിയെ അറിയാത്ത തലമുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ കേരളത്തില്‍ ഉണ്ടാവില്ല. എത്രയോ കാലം അദ്ദേഹം ചന്ദ്രിക പത്രാധിപ സമിതിയില്‍ അംഗമായിരുന്നു. രാഷ്ട്രീയത്തില്‍ വളരെ വ്യക്തമായ നിലപാടുകള്‍ ഉണ്ടായിരുന്ന വ്യക്തി. ഈടുറ്റ ഒരുപാട് ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. കോഴിക്കോട്ടെ രാഷ്ട്രീയസാംസ്കാരിക മേഖലകളില്‍ സ്വന്തമായ മുദ്രകള്‍ പതിപ്പിച്ച ആള്‍ . അതിലേറെ അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത് അദ്ദേഹത്തിന്‍റെ ലാളിത്യം തന്നെ ആയിരുന്നു. മുണ്ടും മടക്കി കുത്തി കോഴിക്കോട്ടെ വീഥികളിലൂടെ തലയുയര്‍ത്തി പിടിച്ചു നടന്നു പോയിരുന്ന പ്രഗല്‍ഭനായ ഒരു പത്രാധിപര്‍. ഞാന്‍ ചന്ദ്രികപത്രത്തില്‍ സ്ഥിരമായി പോകുമ്പോള്‍ എഡിറ്റര്‍ സി.കെ താനൂര്‍ ആണ്. ചന്ദ്രികയില്‍ ബാക്കി എല്ലാവരുമായും നല്ല സൗഹൃദത്തില്‍ ആണെങ്കിലും റഹീം മേച്ചേരി എഴുതുന്ന ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട് എന്നല്ലാതെ പരിചയപ്പെട്ടിട്ടില്ല. ഉച്ച കഴിഞ്ഞാണ് ചന്ദ്രികയില്‍ പോകുന്നതെങ്കില്‍ ന്യൂസ്‌ ഡെസ്ക്കില്‍ അദ്ദേഹം ഇരിക്കുന്നത് കണ്ടിട്ടുണ്ട്, പക്ഷെ അത് റഹീം മേച്ചേരി ആണെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു.

ഒരു മാഗസിനില്‍ ജോലി കിട്ടി ചുരമിറങ്ങി ഞാന്‍ കോഴിക്കോട് എത്തി രണ്ടോ മൂന്നോ മാസം കഴിഞ്ഞപ്പോള്‍ ആ സ്ഥാപനം ഒരു മുന്നറിയിപ്പും ആര്‍ക്കും കൊടുക്കാതെ തൃശൂരിലേക്ക് ഷിഫ്റ്റ്‌ ചെയ്തു. കൈയില്‍ ഒരു രൂപ പോലും ഇല്ലാതെ കോഴിക്കോട് ജോലി അന്വേഷിച്ചു അലയുന്ന കാലം. വര്‍ക്കിംഗ്‌ വിമന്‍സ് ഹോസ്റ്റല്‍ ആയതിനാല്‍ ജോലി ഇല്ലാതെ അവിടെ താമസിക്കാന്‍ കഴിയില്ല. ജോലി ഉണ്ടോ ഇല്ലയോ എന്നൊന്നും ആരും അറിയാന്‍ പോകുന്നില്ല. രാവിലെ ജോലി അന്വേഷിച്ച് ഇറങ്ങാം. തെണ്ടി തിരിഞ്ഞു തിരിച്ചു വരാം. ജോലി ഇല്ലാതെ എനിക്ക് തിരിച്ചു വീട്ടിലേക്കും പോകാന്‍ കഴിയാത്ത അവസ്ഥ. അതിനിടയിലാണ് എന്‍റെ കവിതകള്‍ വായിച്ചു സജി എന്നൊരു ചെറുപ്പക്കാരന്‍ എത്തുന്നത്. ഒന്ന് രണ്ടു തവണ ഓഫീസില്‍ എത്തി ഒരു മാഗസിന് വേണ്ടി എന്‍റെ ഇന്റര്‍വ്യൂ എടുക്കണം എന്ന് പറഞ്ഞിരുന്നു. കുറച്ചു കഴിയട്ടെ അതിനു മാത്രം ഞാന്‍ ഇപ്പോള്‍ വളര്‍ന്നിട്ടില്ല എന്ന് പറഞ്ഞു അയാളെ തിരിച്ചയച്ചു. പക്ഷെ സജി എപ്പോഴും അക്കാര്യം പറഞ്ഞു വന്നുക്കൊണ്ടിരുന്നു. ഒരു ദിവസം സജി അന്വേഷിച്ചു വന്നപ്പോള്‍ പഴയ ഓഫീസിന്‍റെ അടുത്തുള്ള സ്ഥാപനം കാര്യം പറഞ്ഞു. ജോലി ഇല്ല. ഹോസ്റ്റലില്‍ കാണും എന്ന്.

സജി അങ്ങനെ ഹോസ്റ്റല്‍ അന്വേഷിച്ചു വന്നു. ഹോസ്റ്റലില്‍ എത്തിയപ്പോള്‍ സജിക്ക് ഒരു വീണ്ടു വിചാരം. എങ്ങനെ സ്ത്രീകള്‍ മാത്രമുള്ള ഹോസ്റ്റലില്‍ കയറി ചെല്ലും. നേരെ ഹോസ്റ്റല്‍ ഓഫീസില്‍ പോകാം. അമ്പല കെട്ടിനുള്ളില്‍ ആണ് ഓഫീസ്. സജി അവിടെ ചെന്നു വാര്‍ഡനെ കണ്ടു. എനിക്ക് മേരി ലില്ലിയുടെ ഒരു ഇന്റര്‍വ്യൂ എടുക്കണം. അവര്‍ക്കിപ്പോള്‍ ജോലി ഇല്ല. അതുകൊണ്ടാണ് ഇവിടെ അന്വേഷിച്ചു വന്നത് എന്നൊക്കെ പറഞ്ഞു. മേട്രന്‍ അതിസുന്ദരിയും കുലീനമായ മുഖവുമുള്ള ഒരു സ്ത്രീയാണ്. പക്ഷെ ഒരു കര്‍ക്കശകാരി കൂടി ആയിരുന്നു. അവരുടെ ഭംഗിക്ക് ചേരാത്ത ഒരു ഭാവം എപ്പോഴും അവരുടെ മുഖത്തുണ്ടായിരുന്നു. ഉച്ചക്ക് ഞാന്‍ മെസ്സില്‍ പോകുമ്പോള്‍ കൃത്യമായി അവര്‍ വന്നു കയറും. കാണുമ്പോള്‍ ജോലി ഇല്ലാതെ അവിടെ താമസിക്കാന്‍ കഴിയില്ല എന്ന കാര്യം ഓര്‍മ്മിപ്പിക്കും. അവരെ കാണാതിരിക്കാന്‍ വേണ്ടി ഞാന്‍ ഉച്ചക്ക് ഭക്ഷണം കഴിക്കാതെ ആയി. മെസ്സ് ഫീ കൃത്യമായി കൊടുക്കുന്നുണ്ടെങ്കിലും വിശന്നു റൂമില്‍ തന്നെ ഇരിക്കും. രാത്രി മെസ്സില്‍ പോകുമ്പോള്‍ സീത ടീച്ചറും തങ്കം ടീച്ചറും ഉണ്ടാവും. മേട്രന് അവരെ കുറച്ചു പേടി ഉള്ളതായി തോന്നിയിട്ടുണ്ട്. അതുകൊണ്ടു എന്നെ കണ്ടാലും ഒന്നും മിണ്ടില്ല. രാത്രി പലപ്പോഴും മേട്രന്‍ വന്നു എന്‍റെ മുഖത്ത് മാന്തുന്ന സ്വപ്നം കണ്ടു കരഞ്ഞു ഞാന്‍ ഞെട്ടി ഉണര്‍ന്നു. തങ്കം ടീച്ചര്‍ കുട്ടി ഇങ്ങനെ ആയാല്‍ എന്താ ചെയ്യാ? ഈശ്വരന്‍ അല്ലേ വലുത് , ഈശ്വരന്‍ ഒരു വഴി കണ്ടിട്ടുണ്ടാവും എന്നൊക്കെ പറയും. സജി പിന്നീട് പലതവണ വന്നു എന്നോട് ക്ഷമ ചോദിച്ചെങ്കിലും കാര്യങ്ങള്‍ പിടി വിട്ടു പോയിരുന്നു. അയാള്‍ എന്നെ ദ്രോഹിക്കണം എന്ന് വിചാരിച്ചു ചെയ്തതായിരുന്നില്ല. ഉദ്ദേശ ശുദ്ധി എനിക്ക് പാരയായി മാറി എന്ന് മാത്രം.

ആയിടെ ആണ് എന്‍റെ ഒരു കവിത തേജസ്‌ വാരികയില്‍ വന്നത്. എന്‍റെ സഹപ്രവര്‍ത്തകന്‍ ഗണേശേട്ടന്‍ പറഞ്ഞിട്ടാണ് ഞാന്‍ തേജസിലേക്ക് കവിത അയച്ചത്. ഗണേശേട്ടന്‍ ഒരു ദിവസം എന്നെ വിളിച്ചു പറഞ്ഞു ലില്ലി തേജസില്‍ ചെന്നു ബുക്ക്‌ വാങ്ങണം. കോപ്പി അയക്കാന്‍ അവരുടെ കൈയില്‍ അഡ്രസ്‌ ഇല്ല എന്ന്. അന്നു വൈകുന്നേരം ഞാനും കൂട്ടുകാരി ശ്രീലതയും കൂടി തേജസ്സില്‍ എത്തി. പുറത്തു നിന്നും അകത്തേക്ക് നോക്കുമ്പോള്‍ നിലം കണ്ണാടി പോലെ വെട്ടി തിളങ്ങുന്നു. മുഖം കാണാം. ചെരുപ്പ് എല്ലാം പുറത്താണ്. ശ്രീലത പറഞ്ഞു ഇവിടെ ഒരു പ്യൂണ്‍ ആയിട്ടാണെങ്കിലും ജോലി കിട്ടിയാല്‍ മതിയായിരുന്നു. അത്രയും വൃത്തി ഉണ്ടല്ലോ എന്ന്. വാരിക തന്നത് അസിസ്റ്റന്റ്‌ എഡിറ്റര്‍ ഹനീഫ് ആണ്. എവിടെയാണ് ജോലി എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ജോലിക്ക് വേണ്ടി തെണ്ടി തിരിഞ്ഞു നടക്കുകയാണ് എന്ന്. അപ്പോള്‍ അവിടെ ഒരു വേക്കന്‍സി ഉണ്ടെന്നും ഒരു ബയോ ഡാറ്റ തരാനും പറഞ്ഞു. മരണത്തിലും ജീവിതത്തിനുമിടയിലെ നൂല്‍പാലത്തിനിടയില്‍ അലഞ്ഞ നടന്ന എനിക്ക് കിട്ടിയ ഒരു കച്ചിത്തുരുമ്പായിരുന്നു തേജസിലെ ആ ജോലി.

തേജസ്സില്‍ എനിക്ക് പുറമേ വേറെ ഒരു പെണ്‍കുട്ടി കൂടി ഉണ്ടായിരുന്നു. കമറു. കമര്‍ജാന്‍ എന്ന കമറു. അവിടെ നിന്നും എനിക്ക് കിട്ടിയ നല്ല ഒരു സുഹൃത്താണ് സലീം. കമറുവിന്‍റെ പൊട്ടത്തരങ്ങള്‍ എനിക്കും സലീമിനും എപ്പോഴും ചിരിക്കാന്‍ വക നല്‍കി. നര്‍മ്മബോധം നന്നായി ഉള്ള സലീമും ഞാനും കമറുവിനോടൊപ്പം മിക്കവാറും ചിരിച്ചു കൊണ്ടു തന്നെ ജോലി ചെയ്തു. അന്യമതത്തില്‍ പെട്ട ഏക ഒരാള്‍ അവിടെ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നോട് അന്തസ്സോടെയും ആഭിജാത്യത്തോടെയും കൂടി തന്നെ അവര്‍ പെരുമാറി. ഗ്രീന്‍ പേജ് എന്നൊരു പംക്തി തന്നു. അക്കാലത്താണ് രണ്ടാം മാറാട് കലാപവും ഗുജറാത്ത് കൂട്ട കൊലയുമൊക്കെ നടക്കുന്നത്. മാറാടിലേക്ക് എന്നെ ആദ്യമായി ഒരു ലേഖനം എടുക്കാന്‍ പറഞ്ഞയക്കുന്നത് നാസര്‍ക്ക ആണ്. നാസര്‍ക്ക അന്നു മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ എഡിറ്റര്‍ ആണ്. മാധ്യമത്തിനു വേണ്ടിയായിരുന്നു പറഞ്ഞു വിട്ടത്. ആദ്യം പോലീസ് ഞങ്ങളെ തടഞ്ഞു. എന്‍റെ കൂടെ കൂട്ടുകാരി ഹസീന ഉണ്ടായിരുന്നു. ഹസീന തലയില്‍ മഫ്ത ധരിച്ചിരുന്നത് കൊണ്ടായിരുന്നു പോലീസിന്‍റെ എതിര്‍പ്പ്. ബുദ്ധിവികാസം പ്രാപിച്ചിട്ടില്ലാത്ത കുട്ടികള്‍ക്ക് വേണ്ടി സൌജന്യമായി ഹസീന നവജ്യോതി എന്ന ഒരു സ്ഥാപനം നടത്തുന്നുണ്ട്. ഹസീനക്ക് അരയസമാജം സെക്രട്ടറി സുരേഷിനെ പരിചയമുണ്ട്. ഞാനും ഹസീനയും തര്‍ക്കിച്ചു തര്‍ക്കിച്ചു ഒടുവില്‍ പോലീസ് ഞങ്ങള്‍ക്ക് അനുമതി തന്നു. ആ ലേഖനം ശരിക്കും ഒരു വഴിത്തിരിവായിരുന്നു. മാറാട് കലാപത്തെ കുറിച്ച് പലരും പുസ്തകങ്ങള്‍ ഇറക്കിയപ്പോള്‍ ആ ലേഖനം എന്നോട് ചോദിച്ചു വാങ്ങി. പിന്നീട് തേജസിനു വേണ്ടിയും പല പ്രസിദ്ധികരങ്ങള്‍ക്ക് വേണ്ടിയും മാറാട് വീണ്ടും പോയി. ഗുജറാത്ത് കലാപം നടന്നപ്പോള്‍ ഒരുപാട് ലേഖനങ്ങള്‍ എഴുതാന്‍ എനിക്ക് തേജസ്‌ അവസരം തന്നു. ഇന്നും ഒരുപാട് സന്തോഷത്തോടെ ആണ് ഞാന്‍ അവിടെ ജോലി ചെയ്ത വര്‍ഷങ്ങളെ ഓര്‍ക്കുന്നത്. എന്‍റെ മനസ്സിലെ ചിരി ഞാന്‍ വീണ്ടെടുത്ത ദിനങ്ങള്‍ ആയിരുന്നു അത്. സലീം ഇന്ന് തേജസ്‌ പത്രത്തിന്‍റെ ഡല്‍ഹി ബ്യൂറോ ചീഫ് ആണ്. സലീമും പറയാറുണ്ട്‌ ജീവിതത്തില്‍ ഏറ്റവും സന്തോഷത്തോടെ ജോലി ചെയ്തത് അവിടെ വെച്ചാണ് എന്ന്.

തേജസ്സില്‍ വെച്ചാണ് ഞാന്‍ റഹീം മേച്ചേരിയെ കുറിച്ച് കേള്‍ക്കുന്നത്. അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ തേജസ്സിലും വന്നിരുന്നു. അദ്ദേഹം മാത്രമല്ല സിവിക് ചന്ദ്രന്‍, രാഘവന്‍ അത്തോളി, എ.പി കുഞ്ഞാമു, മുകുന്ദന്‍ സി. മേനോന്‍ തുടങ്ങി നിരവധി പേരുടെ ലേഖനങ്ങള്‍ സ്ഥിരമായി വരുന്നുണ്ട്. തേജസ്സിലെ വിശാലമായ ലൈബ്രറിയില്‍ പല എഴുത്തുകാരും രാവിലെ മുതല്‍ വന്നു വായിക്കുമായിരുന്നു. സിവിക് മാഷ്, രാഘവന്‍ അത്തോളി എന്നിവര്‍ ലൈബ്രറിയിലെ സ്ഥിരം വായനക്കാര്‍ ആയിരുന്നു. അതിനിടെ ചന്ദ്രികയില്‍ സി. കെ താനൂര്‍ റിട്ടയര്‍ ആയി. പകരം റഹീം മേച്ചേരി ചന്ദ്രികയുടെ പത്രാധിപര്‍ ആയി. അതിനുശേഷം ഞാന്‍ ആദ്യമായി ചന്ദ്രികയില്‍ എത്തിയപ്പോള്‍ നവാസ് പുനൂര്‍ പറഞ്ഞു പുതിയ എഡിറ്റര്‍ റഹീം മേച്ചേരിയെ പരിചയപ്പെടുത്തി തരാമെന്ന്. അദ്ദേഹത്തിന്‍റെ ലാളിത്യം ആണ് ഞാന്‍ ആദ്യം ശ്രദ്ധിച്ചത്.

ആ സമയത്താണ് ഞാന്‍ ഒലിവ് പബ്ലിക്കേഷനിലേക്ക് മാറുന്നത്. കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രം എന്ന പുസ്തകം അവര്‍ പ്ലാന്‍ ചെയ്തപ്പോള്‍ എം.കെ. മുനീര്‍ സാറിനോട് എന്‍റെ പേര് നിര്‍ദ്ദേശിച്ചത് ഇന്ത്യാ വിഷന്‍ റെസിഡന്റ് എഡിറ്റര്‍ ജമാലുദ്ദീന്‍ ഫാറൂഖി ആണ്. നാസര്‍ക്ക അപ്പോഴേക്കും ഇന്ത്യാവിഷനില്‍ എത്തിയിരുന്നു. വേറെ ആരെയും അന്വേഷിക്കേണ്ട നാസറിന്‍റെ സുഹൃത്ത് നന്നായി എഴുതുമെന്നു പറഞ്ഞത് അദ്ദേഹമാണ്. അതു പറയാന്‍ കാരണം അതിനു ഏകദേശം ഒരുമാസം മുന്‍പ്‌ വേറെ ഒരു മാസികയ്ക്കു വേണ്ടി ഞാന്‍ കൊച്ചി ഇന്ത്യാവിഷനില്‍ പോയി നികേഷ് കുമാറിനെയും കോഴിക്കോട് വെച്ചു ജമാലുദ്ദീന്‍ ഫാറൂഖിയെയും ഇന്റര്‍വ്യൂ ചെയ്തിരുന്നു. മുനീര്‍ സാര്‍ അന്നു മന്ത്രി ആണ്. അങ്ങനെ ഒരു ദിവസം മുനീര്‍ സാര്‍ എന്നെ വിളിപ്പിച്ചു ഞാന്‍ എഴുതിയ മാറ്ററുകള്‍ എല്ലാം നോക്കി. പിന്നീട് ഒരു വെള്ളിയാഴ്ച എന്നെയും നാസര്‍ക്കയെയും വിളിച്ചു കൊണ്ടു പോയി ഒലിവില്‍ എനിക്ക് ഒരു കാബിന്‍ കാണിച്ചു തന്നത് മുനീര്‍ സാര്‍ ആണ്. മന്ത്രിയുടെ ഒരു ആര്‍ഭാടവും കാണിക്കാതെ. മിക്ക വെള്ളിയാഴ്ച മുനീര്‍ സാര്‍ വരും. എന്‍റെ എതിരെ ഉള്ള കസേരയില്‍ ഇരിക്കും. ഞാന്‍ എഴുതിയതിന്‍റെ പ്രിന്‍റ് വാങ്ങി കൊണ്ടു പോകും. എന്‍റെ മുന്നില്‍ ഇരിക്കുന്നത് സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രി ആണെന്ന് എനിക്ക് ഒരിക്കലും തോന്നിയിരുന്നില്ല. കാരണം ആ രീതിയില്‍ ആയിരുന്നു ഒലിവിലെ എല്ലാവരോടും മുനീര്‍ സാര്‍ പെരുമാറിയിരുന്നത്. ചായ വന്നാല്‍ അദ്ദേഹം അതു കുടിക്കും മുന്‍പ്‌ ഞങ്ങള്‍ക്കെല്ലാം എടുത്തു തരും. മന്ത്രി ആകും മുന്‍പ്‌ അങ്ങനെ ആയിരുന്നത്രെ. മന്ത്രി ആയപ്പോഴും അദ്ദേഹം ആ ശീലങ്ങള്‍ മാറ്റിയില്ല. പക്ഷെ ഇന്ത്യാവിഷനില്‍ അദ്ദേഹം ജീവനക്കാരോട് വളരെ കൃത്യമായ ഒരു അകലം പാലിച്ചിരുന്നു.

അവിടെ സ്ഥിരം സന്ദര്‍ശകന്‍ ആയിരുന്നു റഹീം മേച്ചേരി. ഞാന്‍ അവിടെ എത്തിയതിനു ശേഷം ഒരു ദിവസം റഹീം മേച്ചേരി കയറി വന്നു. എന്നോട് എഴുതുന്ന പുസ്തകം എവിടെ വരെ എത്തി എന്നൊക്കെ ചോദിച്ചു. റഫര്‍ ചെയ്യുന്ന പുസ്തകങ്ങളെ കുറിച്ചും സംസാരിച്ചു. പൊതുവേ സ്ത്രീകള്‍ക്ക് രാഷ്ട്രീയ പുസ്തകങ്ങള്‍ വായന കുറവാണല്ലോ എന്നും സൂചിപ്പിച്ചു. നാസര്‍ക്ക ആയിരുന്നു എന്തൊക്കെ പുസ്തകങ്ങള്‍ റഫര്‍ ചെയ്യണം എന്ന് പറഞ്ഞു തന്നിരുന്നത്. ചില പുസ്തകങ്ങള്‍ അദ്ദേഹവും പറഞ്ഞു തന്നു. അപ്പോഴേക്കും നാസര്‍ക്ക ഡല്‍ഹിയിലേക്കു പോയിരുന്നു. അധികം വൈകാതെ മറ്റൊരു ദിവസം രാവിലെ റഹീം മേച്ചേരി വീണ്ടും വന്നു. അദ്ദേഹത്തിനു ഒരു പൊളിറ്റിക്സ് പുസ്തകം എഴുതാന്‍ കുറെ ആയി പ്ലാന്‍ ഉണ്ടെന്നും ഈ വര്‍ക്ക്‌ തീര്‍ന്നാല്‍ ലില്ലിക്ക് പുസ്തകങ്ങള്‍ റഫര്‍ ചെയ്യാനും കുറച്ചു നോട്ട് എഴുതാനും മറ്റുംഎന്നെ സഹായിക്കാന്‍ കഴിയില്ലേ എന്ന് ചോദിച്ചു. ഞാന്‍ എഴുതിയ ലേഖനങ്ങള്‍ നാസര്‍ക്കയും മുനീര്‍ സാറുമൊക്കെ അംഗീകരിക്കുന്നതിനാല്‍ എനിക്ക് ഒരു ആത്മവിശ്വാസമൊക്കെ വന്നിരുന്നു. അതുകൊണ്ടു ഞാന്‍ ചെയ്തു തരാം എന്ന് സമ്മതിച്ചു.

പിന്നീടൊരു ദിവസം റഹീം മേച്ചേരി വരുമ്പോള്‍ കൈയില്‍ കുറെ ചെറിയ പൊതികള്‍ ഉണ്ടായിരുന്നു. എന്‍റെ എതിരെയുള്ള കസേരയില്‍ വന്നിരുന്നു. സുഖമില്ല. ഡോക്ടറെ കാണാന്‍ വന്നതാണ് എന്ന് പറഞ്ഞു. കുറച്ചു നേരം സംസാരിച്ചിരുന്നു അദ്ദേഹം യാത്ര പറഞ്ഞു പോയി. ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും കയറി വന്നു ലില്ലി, ഞാന്‍ മരുന്ന് ഇവിടെ വെച്ചു മറന്നു പോയി എന്ന് പറഞ്ഞു. ശരിയാണ്. എന്‍റെ മേശപുറത്ത്‌ മരുന്ന് ഉണ്ടായിരുന്നു. അദ്ദേഹം പോയി വൈകുന്നേരം ആയപ്പോള്‍ ഞാന്‍ പോകാന്‍ വേണ്ടി പുസ്തകങ്ങള്‍ ഒക്കെ ഒതുക്കി വെക്കുമ്പോള്‍ മേശപ്പുറത്തു ഒരു കവര്‍. അതു റഹീം സാറിന്‍റെ ആയിരുന്നു. അദ്ദേഹം മറന്നു വെച്ചതാണ്. എന്തായാലും ഇനി അടുത്ത ദിവസം ഓഫീസില്‍ എത്തുമ്പോള്‍ വിളിച്ചു കൊടുക്കാം എന്നൊക്കെ ഓര്‍ത്തു ഞാന്‍ ഹോസ്റ്റലിലേക്ക് പോയി. പിറ്റേന്ന് ഓഫീസില്‍ എത്തിയ ഉടനെ ഞാന്‍ ചന്ദ്രികയിലേക്ക് വിളിച്ചു. സാധാരണ ഞാന്‍ വിളിക്കുമ്പോള്‍ റിസെപ്ഷനിസ്റ്റ് എന്‍റെ സുഖവിവരം എല്ലാം തിരക്കിയ ശേഷമേ ഫോണ്‍ കണക്ട് ചെയ്യൂ. ഇതു പെട്ടെന്ന് ഫോണ്‍ കണക്ട് ചെയ്തു. പിന്നെ ആരോ വന്നെടുത്തു. എന്‍റെ സ്വരം കേട്ടപ്പോള്‍ മേരി ലില്ലി ആണോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു റഹീം മേച്ചേരി വന്നാല്‍ എന്നെ ഒന്ന് വിളിക്കാന്‍ പറയണം. അദ്ദേഹത്തിന്‍റെ ഒരു കവര്‍ എന്‍റെ കൈയില്‍ ഉണ്ടെന്ന്. ഇവിടെ മറന്നു വെച്ചതാണെന്നും. ഫോണ്‍ എടുത്ത ആള്‍ ഒരു നിമിഷം നിശബ്ദനായി. പിന്നെ പറഞ്ഞു അറിഞ്ഞില്ലേ റഹീം മേച്ചേരി മരിച്ചു. ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞു പത്ര വണ്ടിയില്‍ കയറി വീട്ടിലേക്കു പോയതാണ്. വണ്ടി അപകടത്തില്‍ പെട്ടു എന്ന്.

എന്‍റെ കൈയില്‍ ഇരുന്നു ആ കവര്‍ വിറച്ചു.തലേന്ന് കണ്ടത് അവസാന കാഴ്ച ആണല്ലോ എന്നോര്‍ത്തു. ഒരു ചെറിയ ചിരിയോടെ മറന്നു വെച്ച മരുന്ന് എടുക്കാന്‍ തിരിച്ചു വന്നത് കണ്ണില്‍ തെളിഞ്ഞു. അദ്ദേഹം ഇരുന്ന കസേരയിലേക്ക് ശൂന്യമായ മിഴികളോടെ ഞാന്‍ നോക്കി. അദ്ദേഹം എഴുതാന്‍ ആഗ്രഹിച്ച പുസ്തകത്തിനു റഫര്‍ ചെയ്യാനും സഹായിക്കാനും ഇനി ഒരിക്കലും കഴിയില്ലല്ലോ എന്നും ഓര്‍ത്തു . ഇപ്പോഴും ഞാന്‍ വേദനയോടെ ഇടയ്ക്ക് റഹീം മേച്ചേരിയെ ഓര്‍ക്കാറുണ്ട്. കാരണം അത്രയും ലാളിത്യമുള്ള ആളുകള്‍ ഇന്ന് അപൂര്‍വമാണ്.

15 comments:

Samad Karadan പറഞ്ഞു...

റഹീം മേച്ചേരിയെക്കുറിച്ചുള്ള ലേഖനം നിറകണ്ണോടെയാണ് വായിച്ചു തീര്‍ത്തത്. അദ്ദേഹത്തെ നേരിട്ട് അറിയാമായിരുന്നു. കൂടുതല്‍ പരിചയപ്പെട്ടത്‌ ജിദ്ദയില്‍ നിന്നാണ്. ഇരു ലീഗുകളിളുമായി എതിര്‍ ചേരിയില്‍ പ്രവര്‍ത്തിക്കുമ്പോഴും മിക്ക വെള്ളിയാഴ്ചകളിലും കാണു...മായിരുന്നു. ചിരിച്ചു തമാശ പറയാനും കാര്യങ്ങളെ ഗൌരവത്തോടെ കാണാനും ലാളിത്വം ജീവിതത്തില്‍ ഉടനീളം കത്ത് സൂക്ഷിച്ച മേച്ചെരിക്ക് കഴിയുമായിരുന്നു. മുസ്ലിം ലീഗിന്നു എതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് ഉരുളക്കു ഉപ്പേരിപോലെ മറുപടി പറയാന്‍ ഒരു റഹീം മേച്ചേരിയേ ഉണ്ടായിരുന്നുള്ളു. സഖാവ് ഇ.എം.എസ്.ന്നു പോലും രാഷ്ട്രീയമായി അദ്ദേഹം മറുപടി നല്‍കിയിരുന്നു.

ഏതു സംഭവത്തിന്റെയും തിയതിയും വിശദീകരണവും വ്യക്തമായി അദ്ദേഹത്തിന്നു അറിയാമായിരുന്നു. അക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയക്കാരും അദ്ദേഹത്തെ സമീപിച്ചിരുന്നു എന്നതിന്റെ തെളിവാണ് മേച്ചേരി അനുശോചന യോഗത്തില്‍ ബി.ജെ.പി. നേതാവ് പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞത് താന്‍ ചില സംശയങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു തീര്‍ക്കുമായിരുന്നു എന്ന്. ചന്ദ്രികയില്‍ ചെല്ലുമ്പോള്‍ കാണാം ഒരു തുണ്ട് കടലാസ്സില്‍ ലേഖനമെഴുതുന്ന മേച്ചേരിയെ.

2004 ഓഗസ്റ്റ്‌ 21 നു രാവിലെ ജിദ്ദയില്‍ 6 .05 നു ഒരു സുഹൃത്തിന്റെ SMS വായിച്ചു ശരിക്കും ഞെട്ടിപ്പോയി (Rahim Mecheri died in jeep accident at 6.30 am) ഉടന്‍ ടി.വി. തുറന്നപ്പോള്‍ ഫ്ലാഷ് ന്യൂസ്‌ കണ്ടു. ഇന്നും മൊബൈലില്‍ ആ SMS ഉണ്ട്.

ജിദ്ദയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ വീണ്ടും ചന്ദ്രികയില്‍ വന്നു ജോലി തുടരണമെന്ന് സി.എച്ച്. മുഹമ്മദ്‌ കോയ സാഹിബിന്റെ കത്ത് കിട്ടിയിട്ടാണ് റഹീം മേച്ചേരി പോകുന്നത്. നിര്‍ഭാഗ്യമെന്നു പറയട്ടെ, സി.എച്ച്. സ്വന്തം കൈപ്പടയില്‍ എഴുതിയ ആ കത്ത് റഹീം മേച്ചെരിയുടെ കയ്യില്‍ കിട്ടുമ്പോഴേക്കു സി.എച്ച്. ലോകത്തോട്‌ വിടപറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹംപോലെ ആകട്ടെ എന്ന നിലക്കാണ് മേച്ചേരി ജിദ്ദയോടു വിട പറഞ്ഞത്. എഴുതിയാല്‍ ആ സുഹൃത്തിനെക്കുറിച്ച് ഓര്‍ക്കാന്‍ ഒരുപാടുണ്ട്.

അജ്ഞാതന്‍ പറഞ്ഞു...

ലീഗ് എന്താണ് എന്ന് ഞാന്‍ പഠിച്ചു വരുന്ന കാലത്താണ് അദ്ധേഹത്തിന്റെ മരണം .കോഴികോട് ലീഗിന്റെ ഒരു മഹാ സമ്മേളന ദിവസമാണ് മേച്ചേരി മരണപെട്ടത്‌ എന്നാണ് എന്റെ ഓര്മ .ഒരു പാട് മേചേരിമാര്‍ ഇനിയും ഈ സമുദായത്തിന് ഉണ്ടാവട്ടെ.........

Mahamood പറഞ്ഞു...

എനിക്ക് ചന്ദ്രികയുമായുള്ള ബന്ധം 1975 മുതല്‍ ഉള്ളതായിരുന്നു പക്ഷെ വളരെ കുറഞ്ഞ കാലം റഹീമുമായി ഞാന്‍ ബന്ധപ്പെട്ടിരുന്നു ആ അനുബവങ്ങള്‍ ഇവിടെ ലില്ലി എഴുതിയതിലും കൂടുതലായി എഴുതാനുണ്ട് ,,എങ്കിലും അദ്ദേഹത്തിന്റെ പരലോകം വെളിച്ചമാക്കി കൊടുക്കട്ടെ എന്ന് പ്രാര്‍ത്തിച്ചുകൊണ്ട്

Noushad Vadakkel പറഞ്ഞു...

സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ ലീഗിന്റെ സമീപനങ്ങള്‍ യുക്തി ഭദ്രമായി എഴുതുവാന്‍ കഴിവുള്ള ആളായിരുന്നു ..അദ്ദേഹം ...ചന്ദ്രിക ദിന പത്രം ഒരു കാലഘട്ടത്തില്‍ വളര്‍ന്നു വന്നത് അദ്ധേഹത്തിന്റെ തൂലികയുടെ ശക്തിയില്‍ കൂടിയാണ് ...അദ്ധേഹത്തിന്റെ മരണം പോലും ആ പ്രവര്‍ത്തന പാന്താവിലാണ് കടന്നു വന്നത്

Noushad Koodaranhi പറഞ്ഞു...

അദ്ദേഹത്തിന്‍റെ പരലോകം പ്രകാശ പൂരിതമാകട്ടെ...

കുന്നെക്കാടന്‍ പറഞ്ഞു...

മേച്ചെരിയുടെ കരുത്തുറ്റ ലേഗനങ്ങള്‍ വായിച്ചു ,അഭിമാനത്തോടെ മനപ്പടമാക്കാന്‍ കത്തിച്ചത്
കൊണ്ടോട്ടിയില്‍ സമ്മേളനങ്ങള്‍ ഉണ്ടാവുബോള്‍ തൊക്കിലൊരു ചന്ദ്രികയും ചുരുട്ടി പിടിച്ചു, ഏറ്റവും പിറകില്‍ ശ്രദ്ധയോടെ നില്‍കുന്ന ആ സാധാരണക്കാരനെ കാണുമ്പോള്‍ അത്ഭുതപെടാരുണ്ട്, ഒന്ന് മുന്നോട്ട് നിന്നാല്‍ സ്റ്റേജില്‍ മുന്നില്‍ തന്നെ സ്ഥാനം കിട്ടുമായിരുന്നിട്ടും സാധാരണക്കാരനെ പോലെ ഞങ്ങള്‍കിടയില്‍.

മേച്ചെരി അങ്ങയുടെ പടവാള് കൊണ്ട് പൊരുതാന്‍ ഇനിയും യുദ്ധങ്ങള്‍ ബാക്കിയുണ്ടയിട്ടും അങ്ങ് പോയി കളഞ്ഞല്ലോ ?
ഞങ്ങളുടെ പ്രാര്‍ത്ഥനകളില്‍ അങ്ങ് എപ്പോയും നിറഞ്ഞു നില്‍ക്കും

MT Manaf പറഞ്ഞു...

ചിന്തകന്‍ എഴുത്തുകാരന്‍ പത്രാധിപര്‍...
കാലം മായ്ച്ചു കളയാത്ത ഓര്‍മ്മ
പതിനായിരങ്ങളെ കണ്ണ് നനയിച്ച വേര്‍പാട്!

Akbar പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Akbar പറഞ്ഞു...

ഒരു വ്യക്തി ഓര്‍മ്മിക്കപ്പെടുമ്പോള്‍ ആ പരിസരവും നമ്മുടെ ഓര്‍മ്മയിലേക്ക് വരുന്നു. റഹീം മേചേരിയുടെ ലേഖനം ചന്ദ്രികയില്‍ മാത്രമല്ല എവിടെ കണ്ടാലും ആര്‍ത്തിയോടെ വായിക്കാറുണ്ടായിരുന്നു. ആകര്‍ഷകമായ ആ ശൈലിയും, ഏതു ആരോപണങ്ങള്‍ക്കും പ്രതിപക്ഷ ബഹുമാനത്തോടെയും സമചിത്തതയോടെയും പ്രതികരിക്കുന്ന എഴുത്തിന്റെ മാസ്മരികതയും അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വായിച്ച ആര്‍ക്കും ബോധ്യമാകും.

ഇന്ന് അസഹിഷ്ണതയുടെ വികാര പ്രകടനങ്ങളായി പത്ര കോളങ്ങള്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍ പക്വമതികളായ നല്ല പത്ര പ്രവര്‍ത്തകരില്‍ മുന്‍നിരയിലായിരുന്നു ആ അനുഗ്രഹീത എഴുത്തുകാരന്‍. ഈ ഓര്‍മ്മക്കുറിപ്പ്‌ ഇവിടെ പോസ്റ്റ് വായിക്കാന്‍ അവസരം തന്നതിന് നന്ദി.

Unknown പറഞ്ഞു...

റഹീം മേച്ചേരിയെ കുറിച്ചുള്ള മേരി ലില്ലിയുടെ അനുഭവകുരിപ്പ് വായിച്ചു. നന്നായിട്ടുണ്ട്. ഒരു പത്രപ്രവര്‍ത്തകന്‍, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളിലൊക്കെ സ്വന്തം ജീവിതത്തില്‍ ഉണ്ടായിരിക്കേണ്ട ഒരുപാട് നല്ല ഗുണങ്ങള്‍ ഒത്തൊരുമിച്ച ഒരു മഹാവെക്തിയായിരുന്നു അദ്ദേഹം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സ്വന്തം പാര്‍ടി മുസ്‌ലിം ലീഗ് ആയിരുന്നെങ്കിലും മറ്റു പാര്ടിയിലെയും സംഘടനകളുടെയും നേതാക്കന്മാരുമായി ഒരു ഊഷ്മള ബന്ധം സ്ഥാപിക്കാന്‍ അദ്ധേഹത്തിനു കഴിഞ്ഞിരുന്നു. മറ്റുള്ളവരെ വിമര്‍ശിക്കുമ്പോഴും ആ സുഷ്മത അദ്ദേഹത്തിന്റെ എഴുത്തിലും വാക്കുകളിലും കാത്തു സുക്ഷിച്ചിരുന്നു.

Ismail Chemmad പറഞ്ഞു...

>>>>>>എന്‍റെ കൈയില്‍ ഇരുന്നു ആ കവര്‍ വിറച്ചു.തലേന്ന് കണ്ടത് അവസാന കാഴ്ച ആണല്ലോ എന്നോര്‍ത്തു. ഒരു ചെറിയ ചിരിയോടെ മറന്നു വെച്ച മരുന്ന് എടുക്കാന്‍ തിരിച്ചു വന്നത് കണ്ണില്‍ തെളിഞ്ഞു. അദ്ദേഹം ഇരുന്ന കസേരയിലേക്ക് ശൂന്യമായ മിഴികളോടെ ഞാന്‍ നോക്കി. അദ്ദേഹം എഴുതാന്‍ ആഗ്രഹിച്ച പുസ്തകത്തിനു റഫര്‍ ചെയ്യാനും സഹായിക്കാനും ഇനി ഒരിക്കലും കഴിയില്ലല്ലോ എന്നും ഓര്‍ത്തു . ഇപ്പോഴും ഞാന്‍ വേദനയോടെ ഇടയ്ക്ക് റഹീം മേച്ചേരിയെ ഓര്‍ക്കാറുണ്ട്. കാരണം അത്രയും ലാളിത്യമുള്ള ആളുകള്‍ ഇന്ന് അപൂര്‍വമാണ്. >>>>>>>>>
vaayichu enteyum kannu niranju

shameer mhd പറഞ്ഞു...

അന്നും കോഴിക്കോടിന്റെ മണൽ തരികൾക്ക് പച്ച നിറമുണ്ടായിരുന്നു.സമ്മേളനം അവസാനിച്ച് വാഹനത്തിൽ പോകുമ്പോൾ ആണു അശുഭ വാർത്ത കേട്ടത്. അപകടത്തിൽ ചന്ദ്രികയുടെ പത്രക്കെട്ടുകൾക്ക് കൂടെ റഹീം മേച്ചേരിയും യാത്രയായിരിക്കുന്നു.....ഇന്നാലിന്നായി വ ഇന്നാഇലൈഹി റാജിഹൂൻ.....അന്നത്തെ പത്രത്താളുകൾ ഇന്നും ഓർമയിൽ വരുന്നു.

Abdul Gafoor KC പറഞ്ഞു...

മേച്ചേരിയുടെ നാട്ടുകാര്‍ എന്ന് പറയുന്നതില്‍ ഞങ്ങള്‍ അഭിമാനിച്ചിരുന്നു, ഒരു ദുസ്വോപ്നം പോലെ ആ അപകട വാര്‍ത്ത ഇന്നും മനസ്സില്‍ തങ്ങി നില്കുന്നു, അല്ലാഹു സോര്‍ഗം കൊടുത്തു അനുഗ്രഹിക്കട്ടെ.

jahidfasal7 പറഞ്ഞു...

Enikk innum abhimaanamaan Raheem Mecheri ente ummayude uppayaanenn parayunnathil. Adheham marikkumbol njaan Vadanapallyile oru boarding schoolil Ompathaamtharam padikkukayayirunnu. Marana Vaarthayarinja warden ennod ath marach vech veettilekk pokaan aavishyapettu. Nooraayiram chinthakulumaayi veetilek purapetta njaan Kondottyil ethiyappol enikk kandu parijayamulla oru padu pere bus standil kandu. thellum athishayokthiyillaathe njaan Areecode bussil kayari pinseatinte arikvashath sthaanamurappichu.

Bus start cheythu. enikk parichayamulla mukhangelallaam thanne aa busil undayirunnu. Enne thiricharinja ente oru kudumba suhrth Habeeb ikka ente sukha vivarangal thirakki. koode vannirunna mattoru suhrthin enne parijayapeduthi. "Id Fasal, Raheem Mecheriyude perakuttyiyaan. ippo Vatanpalliyil padikkunnu".
Adheham enne nokki onn mandahasichu.
Bus Alinchuvadethi, avideyengum aalungal thingi niranjirunnu. Ivideyenthaanenn njan Habeeb ikkayodu chodichu. Njaan maranavivaram arinjilla ennath appozhaan adheham arinjath. ente koode adheham bussirangi. adheham enne kettipidich aashwasipikkum vidham paranju, "Vallippa marichu", Njan nishchalanaayi avide kurachu neram ninnu. Enikk karayaan sadhikkunnillaayirunnu. Aake oru maravipp.
njan ente veetilekk nadanaduthu. Njaan varunnath kanda elappa ennod nee ippol ummaye kaanaan pokanda enn paranju. Ennitt enne ente uppayude veettil kondaakki.
Vallimma yennod kulich varaan aavishyapettu. yanthrikamenna pole njaan bathroomil kayari shower thirichu. njaan kurachu neram olipichu vecha kannu neerallem njaan showerile vellethinte koode ozhukki kalanju.

Baapaakk (Njaan anganeyaan adhehathe vilichirunnath)enne nalla ishtamaayirunnu. Enikk alpam vayanayundennatharinja baapa enikk adhehathin abhipraayam rekhapeduthaanaayi mattu prasaadakar ayakkunna pusthakangal baapa vayichadin shesham enikk tharumaayirunnu. Njaan angane S.k Pottakaadineyum, M. Mukundaneyumokke parijayapettu. Oru divasam enikk adheham "Lokhamathangal" enna oru pusthakam thannitt vaayikkaan paranju. Alppam kaothukathode njaan aa pusthakam vayichu. Enikk S.K pottakaadinte Cleo Patrayude Naattilum Naadan Premavum thanna Baappa enthinaan lokha mathangal enna pusthakam thannethan appol njaan orthhu. ippol Baapa marichitt ompath varshamaayi. Inn enikkariyaam enthinaan enikk aa pusthakam thannethenn. Ellaa mathangaleyum Bhahumaanikanamennum Ellaa mathakaareyum oru pole snehikkanamennumaan adheham udheshichath. Muslim League enna partyiye muslingalk maathram nila kolunna oru samudaaya sangadanayayi inn keralathil thanney cheethrikarikkapedumpol adin vendi thoolika chalippichirunna ente Baapa ennod mattu madangaley aadarikkanum snehikkanum paranjath yathaarthamaaya muslim leagueinte anthasathayaayirunnu. Athayirunnu Khayithe Millathinte Paatha. Naale ningal Muslim leagueinte Haritha Pathaakayenthi nadakumbol orkukka pathra kettukalodoppam jeevan polinju poya Chandrikayude Pathrathipan nilakondath inn namokk nashttamaayi kondirikunna mathanirapekshamaya manavika moolyangalkk vendiyaan.

Priya Meri Lilly, Ningalude ee ormakuripp enikk jeevithathil nashtapetta nikathaanaavathe nashtathe ormapeduthunnu. oralpam vedhanayodaanenkilum enne ente baapaye kurich ormapeduthiyathil nandi rekhapeduthunnu

trademark search പറഞ്ഞു...

it is so great about my father in law the words are inspiring

PPA SAGEER ADVOCATE MANJERI
9446069147

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ