പ്രവാസികളുടെ പ്രശ്നങ്ങളില്‍ അടിയന്തിരമായി ഇടപെട്ട കേന്ദ്ര മന്ത്രി ഇ. അഹമ്മദ് സാഹിബിനു ജിദ്ദയില്‍ വമ്പിച്ച സ്വീകരണം.


ഹുറൂബിന്റെ കുരുക്കഴിയാതെ സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കയാത്രക്ക് സൗദി അധികൃതര്‍ ഉദാരസമീപനം സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു. ജിദ്ദയില്‍ കെ.എം.സി.സി. ഇമ്പാല ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഹുറൂബില്‍ അകപെട്ട ഇന്ത്യക്കാരുടെ പ്രശ്നം പരിഹരിക്കുക എന്നത് വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ എന്റെ കര്‍ത്തവ്യമായി ഏറ്റെടുത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിദ്ദ കെ.എം.സി.സി. ആക്ടിംഗ് പ്രസിഡന്റ്‌ പഴേരി കുഞ്ഞി മുഹമ്മദ്‌ അധ്യക്ഷത വഹിച്ച യോഗം സൗദി കെ.എം.സി.സി. നേതാവും വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിടന്റുമായ എം.എം. കുട്ടി മൌലവി ഉദ്ഘാടനം ചെയ്തു.

തൊഴിലാളി ഒളിച്ചോടിയെന്ന് സ്‌പോണ്‍സര്‍ ജവാസാത്ത് ഓഫീസില്‍ പരാതി നല്‍കുന്ന നടപടിക്രമമാണ് ഹുറൂബ്. ഇതോടെ ഇത്തരം തൊഴിലാളികള്‍ നിയമ ലംഘകരായി മാറും. തൊഴില്‍ മന്ത്രിയുമായുള്ള ചര്‍ച്ച ഏറെ ഫലപ്രദമായിരുന്നുവെന്നും ഹുറൂബ് വിഷയത്തോട് വളരെ അനുഭാവപൂര്‍ണ്ണമായ നിലപാടാണ് മന്ത്രി കൈകൊണ്ടതെന്നും അഹമ്മദ് പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ പെട്ടിട്ടില്ലാത്ത ഹുറൂബുകാര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അവസരം അടുത്ത ജൂലൈ വരെ ഉണ്ടായിരിക്കും. സ്‌പോണ്‍സര്‍ നേരിട്ട് ഗവര്‍ണറേറ്റില്‍ ഹാജറായാലേ ഹുറൂബുകാരുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാകൂ എന്നാണ് വ്യവസ്ഥ. പക്ഷേ, ഭൂരിപക്ഷം ഹുറൂബുകാര്‍ക്കും സ്‌പോണ്‍സറെ കണ്ടെത്തുക തന്നെ പ്രയാസകരമാണെന്നതിനാല്‍ സ്‌പോണ്‍സര്‍മാര്‍ക്ക് ഹാജരാകാന്‍ സമയ പരിധി നിശ്ചയിക്കാനും തുടര്‍ന്ന് ഇവരെ നാട്ടിലേക്ക് അയക്കാനും നാടുകടത്തല്‍ കേന്ദ്രങ്ങള്‍ക്ക് അധികാരം നല്‍കുന്ന നടപടികളുണ്ടാവും. ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ അനുഭാവ പൂര്‍വ്വമാണ് മന്ത്രി കേട്ടതെന്നും പ്രശ്‌ന പരിഹാരങ്ങള്‍ക്കുള്ള നീക്കങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും അഹമദ് പറഞ്ഞു.

ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഫീസ്‌ പ്രശ്നം പഠിച്ച ശേഷം തന്നാല്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് അഹമ്മദ് സാഹിബ് പറഞ്ഞു.

പ്രവാസികളുടെ പ്രശ്നത്തിന് പരിഹാരം കാണുന്ന ഇ. അഹമ്മദ് സാഹിബിന്റെ പരിപാടിയില്‍ കെ.എം.സി.സി. പ്രവര്‍ത്തകരും മറ്റു രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരുമായി നൂറുക്കണക്കിനു പേരാണ് പങ്കെടുത്തത്.

'രണ്ടുരൂപാ അരി - പത്രത്തിലുണ്ട്‌; പാത്രത്തിലില്ല.


തിരുവനന്തപുരം/കോട്ടയം: ആശ്വാസ നടപടിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു രൂപ അരിപദ്ധതി വാങ്ങാന്‍ ചെന്നവര്‍ക്ക്‌ ആഘാതമായി. ഒരിടത്തും അരി കിട്ടിയില്ല. മേയ്‌ മാസം കിട്ടിയാല്‍ ഭാഗ്യം. അതിനു സര്‍ക്കാര്‍ നേരിട്ടു പണമടയ്‌ക്കണം, വേണ്ടത്ര ശേഖരം കടകളിലെത്തിക്കണം. ഗുണഭോക്‌താക്കളെ തെരഞ്ഞെടുക്കണം. കടമ്പകള്‍ ഇനിയും അനവധി.

തെരഞ്ഞെടുപ്പു കമ്മിഷന്റെ വിലക്ക്‌ ശനിയാഴ്‌ച നീങ്ങിയതോടെ തിങ്കളാഴ്‌ച മുതല്‍ എ.പി.എല്ലുകാര്‍ക്ക്‌ രണ്ടു രൂപ അരി വിതരണം ചെയ്‌തുതുടങ്ങുമെന്ന സര്‍ക്കാര്‍ അറിയിപ്പനുസരിച്ച്‌ ഇന്നലെ റേഷന്‍കടകളിലെത്തിയവര്‍ നിരാശരായി മടങ്ങി. കുറഞ്ഞ നിരക്കില്‍ അരി നല്‍കുമ്പോള്‍ കടക്കാര്‍ക്കുണ്ടാകുന്ന നഷ്‌ടം നികത്തുന്ന കാര്യത്തില്‍ ധാരണയുണ്ടാക്കാന്‍ സര്‍ക്കാരിനു കഴിയാഞ്ഞതും കടകളില്‍ കരുതല്‍ശേഖരം ഇല്ലാത്തതുമാണു പദ്ധതി പൊളിയാന്‍ കാരണം. പക്ഷേ പെരുമാറ്റച്ചട്ടത്തില്‍ ഇളവനുവദിച്ചതായി തെരഞ്ഞെടുപ്പു കമ്മിഷന്‍ ശനിയാഴ്‌ച പ്രഖ്യാപിച്ചെങ്കിലും ഉത്തരവിറങ്ങാന്‍ താമസിച്ചതാണ്‌ അരി വിതരണം വൈകാന്‍ കാരണമെന്ന വിചിത്ര വാദമാണു ഭക്ഷ്യമന്ത്രി ഇന്നലെ ഉയര്‍ത്തിയത്‌.

സര്‍ക്കാര്‍ തന്നെ എഫ്‌.സി.ഐയില്‍ പണമടച്ച്‌ അടുത്ത മാസംമുതല്‍ രണ്ടു രൂപ അരി നല്‍കുമെന്നാണ്‌ ഭക്ഷ്യവകുപ്പിന്റെ പുതിയ നിലപാട്‌. തെരഞ്ഞെടുപ്പു കമ്മിഷന്റെ രേഖാമൂലമുള്ള ഉത്തരവ്‌ ഇന്നലെ ഉച്ചയോടെ മാത്രമാണ്‌ ലഭിച്ചതെന്നു മന്ത്രി സി. ദിവാകരന്‍ അറിയിച്ചു.

റേഷന്‍ വ്യാപാരികള്‍ക്കു നല്‍കാനുള്ള കുടിശികത്തുക അടുത്തമാസം പൂര്‍ണമായും വിതരണം ചെയ്യും. ഇതോടെ റേഷന്‍ വ്യാപാരികള്‍ക്കുള്ള സാമ്പത്തിക ബാധ്യത ഒഴിവാക്കപ്പെടുമെന്നും മന്ത്രിയുടെ ഓഫിസ്‌ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നിലവില്‍ എ.പി.എല്ലുകാര്‍ക്ക്‌ 8.90 രൂപയ്‌ക്കാണ്‌ അരി നല്‍കുന്നത്‌. ഈ നിരക്കില്‍ ഈ മാസം ഏഴു കിലോ അരി അനുവദിച്ചിട്ടുണ്ട്‌. ഇതില്‍ ആദ്യ ഗഡുവായ അഞ്ചു കിലോ വിഷുവിനു മുമ്പു വിതരണം ചെയ്‌തു.

അതിനാല്‍ കടകളില്‍ കരുതല്‍ശേഖരം കുറവാണ്‌. 8.90 രൂപയ്‌ക്കു വാങ്ങുന്ന അരി രണ്ടു രൂപയ്‌ക്കു നല്‍കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന നഷ്‌ടം നികത്താതെ അരി നല്‍കാനാവില്ലെന്ന നിലപാടിലാണു കടക്കാര്‍. അല്ലെങ്കില്‍ സര്‍ക്കാര്‍ പണമടച്ച്‌ കടകളില്‍ അരിയെത്തിക്കണം. ധനവകുപ്പില്‍ നിന്നും പണം നേരിട്ട്‌ എഫ്‌.സി.ഐക്ക്‌ കൊടുക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അവര്‍ പറയുന്നു. പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ വേണ്ട തുക വകയിരുത്താത്തതാണു പ്രതിസന്ധിക്കു കാരണം.

ഇക്കാര്യം അന്നുതന്നെ പൊതുവിതരണ വകുപ്പിലെ ഉന്നതര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

വ്യാപാരികള്‍ വിട്ടുവീഴ്‌ചയ്‌ക്കില്ലാത്തതിനാല്‍ പദ്ധതി തുടങ്ങാന്‍ ആഴ്‌ചകള്‍ വേണ്ടിവരും. കരുതല്‍ശേഖരവും വിലയും മാത്രമല്ല പ്രശ്‌നം; ഗുണഭോക്‌താക്കളെ റേഷന്‍കടകളിലൂടെ ലഭിക്കുന്ന അപേക്ഷകളുടെ അടിസ്‌ഥാനത്തില്‍ താലൂക്ക്‌ സപ്ലൈ ഓഫീസാണ്‌ തെരഞ്ഞെടുക്കേണ്ടത്‌. ഈ നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. തെരഞ്ഞെടുപ്പുമൂലം ഇത്തരം ജോലികള്‍ മുടക്കത്തിലായിരുന്നു. അവധികള്‍ കഴിച്ചാല്‍ ഈ മാസം അവശേഷിക്കുന്നത്‌ ഒമ്പതു ദിവസമാണ്‌. മേയ്‌ രണ്ടാം വാരം പദ്ധതി തുടങ്ങാന്‍ കഴിഞ്ഞേക്കും. അപ്പോഴേക്കും തെരഞ്ഞെടുപ്പു ഫലവും പുറത്തുവരും.

താലൂക്ക്‌ സപ്ലൈ ഓഫീസര്‍മാര്‍ പറഞ്ഞാലും 8.90 രൂപയ്‌ക്ക് വാങ്ങിവെച്ചിരിക്കുന്ന അരി രണ്ടുരൂപയ്‌ക്കു നല്‍കാനാവില്ലെന്ന ഉറച്ച നിലപാടിലാണ്‌ റേഷന്‍ വ്യാപാരികള്‍. ഒരു കിലോയ്‌ക്ക് 6.90 പൈസ നിരക്കില്‍ ഒരു മാസം 40 കോടി രൂപയാണു നഷ്‌ടമാകുന്നത്‌. ഭരണമൊഴിയുന്ന സര്‍ക്കാര്‍ ഈ പണം നല്‍കുമെന്ന്‌ എങ്ങനെ വിശ്വസിക്കുമെന്നും അവര്‍ ചോദിക്കുന്നു.

രണ്ടുരൂപയുടെ അരി വാങ്ങാന്‍ ഇന്നലെ രാവിലെ തന്നെ റേഷന്‍കടകള്‍ക്കു മുന്നില്‍ വന്‍ തിരക്കായിരുന്നു. തങ്ങള്‍ക്ക്‌ ഇതുസംബന്ധിച്ച നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ആ നിരക്കില്‍ അരി നല്‍കാന്‍ സ്‌റ്റോക്കില്ലെന്നും ആയിരുന്നു വ്യാപാരികളുടെ പ്രതികരണം.

പ്രതിസന്ധി പരിഹരിക്കാന്‍ രണ്ടു രൂപ അരിയുടെ സ്‌റ്റോക്ക്‌ റേഷന്‍ ഡിപ്പോകളില്‍ എത്തിക്കണമെന്ന്‌ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ സി. സുരേന്ദ്രന്‍, ഓള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, സംസ്‌ഥാന സെക്രട്ടറി എ. ഷാജഹാന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

- ആര്‍. സുരേഷ്‌/ എം.എസ്‌. സന്ദീപ്‌.

നിലക്കാത്ത ആരവങ്ങള്‍: പുറം നാട്ടില്‍ നിന്ന് സ്പെഷ്യല്‍ ബസില്‍ വോട്ടര്‍മാരെ കൊണ്ടുവന്ന കാലം (ഗള്‍ഫ് മാധ്യമം - 9.4.2011)





റാന്തലിന്റെയും പെട്രോമാക്സിന്‍റെയും വെളിച്ചത്തില്‍ ചുമരെഴുത്ത് നടത്തിയ ഓര്‍മ്മകള്‍ നിലനില്‍ക്കെ നേതാക്കള്‍ ഹെലികോപ്റ്ററില്‍ സഞ്ചരിക്കുന്നതിലെക്കും വിദേശങ്ങളില്‍ നിന്ന് വോട്ട് ചെയ്യാന്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നിടത്തേക്കും നാം മാറിക്കഴിഞ്ഞല്ലോ. ഇത്രയും വികസനമോ സൌകര്യമോ ഇല്ലാതിരുന്ന കാലത്ത് സ്വന്തം സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ അനുഭവിച്ചിരുന്ന ത്യാഗവും കഠിനാധ്വാനവും ചില്ലറയായിരുന്നില്ല .... (തുടര്‍ന്ന് വായിക്കുക)

വോട്ടെടുപ്പ: പ്രവാസികളെയും വഹിച്ച് കൊണ്ടുള്ള ചാര്‍ട്ടര്‍ വീമാനം കരിപ്പൂരില്‍ 10ന് എത്തും


കോഴിക്കോട്: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി പ്രവാസികളെയും വഹിച്ച് കൊണ്ടുള്ള ചാര്‍ട്ടര്‍ വിമാനം ഏപ്രില്‍ 10നു പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. ആദ്യമായാണ് വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ക്ക് വേണ്ടി വിമാനം ചാര്‍ട്ട് ചെയ്യുന്നത്.

മുസ്‌ലിം ലീഗിന്റെ പ്രവാസി സംഘടനയായ ദുബയിലെ കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്ററാണ് (കെ.എം.സി.സി) 160 വോട്ടര്‍മാരെ കൊണ്ടുള്ള വിമാനം ചാര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രവാസികള്‍ക്കു വോട്ടവകാശം ലഭിച്ചതിലുള്ള സന്തോഷം പങ്കിടുന്നതിനു കൂടിയാണ് സംഘടന ഇത്തരമൊരു തീരുമാനം എടുത്തതെന്ന് കെ.എം.സി.സി നേതാവായ യഹ്യ തളങ്കര കാസര്‍കോട് പറഞ്ഞു.

ഏപ്രില്‍ ഒമ്പതിന് ശനിയാഴ്ച രാത്രി 10 മണിക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണു വോട്ടര്‍മാര്‍ കൂട്ടത്തോടെ എത്തുന്നത്. കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വോട്ടര്‍മാരാണ് വിമാനത്തില്‍ ഉണ്ടാവുക.

കാസര്‍കോട്ടെ ഇരുപതിലധികം വോട്ടര്‍മാര്‍ ചാര്‍ട്ടര്‍ വിമാനത്തില്‍ യാത്രക്കാരായിരിക്കും. ടിക്കറ്റ് ചാര്‍ജ്ജ് അവരവര്‍ തന്നെയാണ് വഹിക്കുന്നതെങ്കിലും ഇതിന്റെ കോ-ഓര്‍ഡിനേഷന്‍ മാത്രമാണ് സംഘടനയ്ക്കുള്ളത്.

2006ലെ തിരഞ്ഞെടുപ്പില്‍ ഗള്‍ഫ് വോട്ടര്‍മാര്‍ കൂട്ടത്തോടെ എത്തിയിരുന്നെങ്കിലും സ്‌പെഷ്യല്‍ വിമാനം ചാര്‍ട്ടര്‍ ചെയ്തിരുന്നില്ല. ദുബയ്, കെ.എം.സി.സി ഭാരവാഹികളായ ഡോ. പുത്തൂര്‍ റഹ്മാന്‍, യഹ്യ തളങ്കര, ഇബ്രാഹീം എളേറ്റില്‍ എന്നിവരുടെ നേതൃത്വത്തിലാണു വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നതിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ ചെയ്തിട്ടുള്ളത്. പണം പകുതി ആദ്യം നല്‍കിയാല്‍ മാത്രമേ വിമാനം ചാര്‍ട്ടര്‍ ചെയ്യാനാവൂ. ടിക്കറ്റ് ചാര്‍ജ് കുറവാണെന്നതാണ് ഈ വിമാനത്തിന്റെ പ്രത്യേകത.

വോട്ടര്‍മാര്‍ സ്വന്തം നിലയ്ക്കാണ് ടിക്കറ്റുകള്‍ എടുത്തിട്ടുള്ളത്. ദുബയിക്കു പുറമെ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ സാധ്യതയുണ്ട്. 10ന് പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രവാസി വോട്ടര്‍മാരെ സ്വീകരിക്കാനും കെ.എം.സി.സി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.

ദുബായ് കെ.എം.സി.സി ഭാരവാഹിയായ ഇബ്രാഹീം എളേറ്റില്‍ ഇതിനായി നാട്ടിലെത്തിയിട്ടുണ്ട്. നാട്ടിലുള്ള കുടുംബങ്ങളെ യു.ഡി.എഫിന് അനുകൂലമാക്കുന്നതിനു വേണ്ടി ദുബായ് കെ.എം.സി.സി സ്‌പെഷ്യല്‍ കോള്‍ സെന്ററും ആരംഭിച്ചിട്ടുണ്ട്.