രണ്ട് ദിവസം മുമ്പ് വൈകീട്ട് അഞ്ചു മണിക്ക് ശേഷം ഓഫീസില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ എന്റെ കാറിന് സമീപം മുറൂറിന്റെ (ട്രാഫിക് പോലീസ്) കാര്‍ കണ്ടു. ഞാന്‍ കാറില്‍ കയറാന്‍ നില്‍ക്കുമ്പോള്‍ പോലീസുകാരന്‍ ഹോണ്‍ അടിച്ച ശേഷം മാടി വിളിച്ചു. ഞങ്ങളുടെ കമ്പനിയുടെ നേരെ മുന്നില്‍ പാര്‍ക്കിംഗ് ലോട്ടില്‍ തന്നെയാണ് കാര്‍ നിര്‍ത്തിയിരുന്നത്. എങ്കിലും ചെറിയ ഒരു ആശങ്ക എന്തിനായിരിക്കും അദ്ദേഹം വിളിച്ചതെന്ന്.
കാറിന്റെ അടുത്തേക്ക് ചെന്നപ്പോള്‍ യുവാവായ പോലീസുകാരന്‍ ചോദിച്ചു ഇന്ന് അറബി തിയതി എത്രയാണെന്ന്. എട്ടാണോ ഒമ്പതാണോ എന്ന സംശയം ഞാന്‍ പ്രകടിപ്പിച്ചു. മുമ്പ് അറബി മാസത്തില്‍ ശമ്പള മായിരുന്ന കാലം തിയതി ശരിക്ക് അറിയാമായിരുന്നു. 'ചന്ദ്രിക' പത്രം കാറിലുണ്ട്. അപ്പോഴാണ് കയ്യില്‍ 'മലയാളം ന്യൂസ്' പത്രം ഉള്ളത് ഓര്‍ത്തത്. അതില്‍ നോക്കി തിയതി പറഞ്ഞു കൊടുത്തു. ചിരിച്ചു കൊണ്ട് അദ്ദേഹം 'ശുക്രന്‍' (നന്ദി) പറഞ്ഞതോടെ ഞാന്‍ പോകാന്‍ നില്‍ക്കുമ്പോള്‍ അതാ വരുന്നു മറ്റൊരു ചോദ്യം: എത്രാമത്തെ അറബി മാസം ആണെന്ന്. ഞാന്‍ പറഞ്ഞു മൂന്നാമത്തെ മാസം; അതായത് റബീഉല്‍ അവ്വല്‍ മാസമാണെന്ന്. കൂടെ അറബി വര്‍ഷവും (1433) പറഞ്ഞു കൊടുത്തു.
അതോടെ രണ്ട് മൂന്ന് നന്ദികള്‍ ഒന്നിച്ചു കിട്ടി (നമ്മള്‍ മലയാളികള്‍ പറയാന്‍ ശങ്കിക്കുന്ന ഒന്നാണ് ഈ 'നന്ദി' വാക്ക്. എന്നാല്‍ അറബികള്‍ പൊതുവേ അത് നല്‍കുന്നതില്‍ മഹാമനസ്കരാണ്).
കാറിലേക്ക് നോക്കിയപ്പോഴാണ് അദ്ദേഹം പിഴ ചുമത്തുന്ന ഫോറത്തില്‍ തിയതി എഴുതുന്നത് കണ്ടത്. ഞങ്ങള്‍ സുഹൃത്തുക്കളെപ്പോലെ ആയതോടെ ഞാന്‍ ചോദിച്ചു: എന്റെ വണ്ടിയുടെ നമ്പര്‍ ആണോ എഴുതുന്നതെന്ന്. അദ്ദേഹം അപ്പോള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "ലാ ലാ ലാ" (അല്ല ..........).
പരിചയമുള്ള ചില അറബി സുഹൃത്തുക്കള്‍ ഇടക്കിടെ അറബി മാസവും തിയതിയും ചോദിക്കുന്നത് സാധാരണയാണെങ്കിലും ഒരു പോലീസുകാരന്‍ ചോദിക്കുന്നത് ആദ്യാനുഭവമാണ്. അതാണ് ഇവിടെ പങ്ക് വെച്ചത്.