മറക്കാനാവാത്ത ബലി പെരുന്നാള്‍

(നറുനിലാവ് 2011 എന്ന ഗ്ലോബല്‍ മീറ്റ്‌ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ച എന്റെ ഒരു നനവാര്‍ന്ന ഓര്‍മ്മക്കുറിപ്പ് )

ബലിപെരുന്നാള്‍ ... പേര് പോലെത്തന്നെ ബലിയുടെ ത്യാഗസ്മരണ ഉണര്ത്തുമ്പോഴും ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും മായാത്ത ഒരു ദു:ഖസ്മരണ ഉണര്‍ത്തുന്നതാണ് 2001ലെ ദിനം. അന്നാണ് ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മ എന്നെന്നേക്കുമായി ഞങ്ങളോട് വിട പറഞ്ഞത്.

ധാരാളം ഭൂസ്വത്തുള്ള ഒരു പുരാതന തറവാട്ടില്‍ ജനിച്ച ഉമ്മാക്ക് ഭൌതിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. ദര്സില്‍ പോയുള്ള ദീനി വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെണ്‍കുട്ടികളെ ഭൌതിക വിദ്യാഭ്യാസത്തിന് അയക്കുന്നതില്‍ എതിര്‍പ്പുള്ള കാലമായിരുന്നു. മാത്രമല്ല, നാലഞ്ച്‌ മൈല്‍ യാത്ര ചെയ്യേണ്ട സ്കൂളില്‍ ആരും പറഞ്ഞയക്കുകയുമില്ല.

മലയാളമോ ഇംഗ്ലീഷോ അറിയാത്ത ഉമ്മയുടെ ഒഴിവു സമയം ഖുര്‍ആന്‍ പാരായണത്തിലൂടെ സായൂജ്യം നേടി. ഒഴിവു സമയത്ത് സംസാരിക്കാന്‍ ചെല്ലുമ്പോഴും നിങ്ങളുടെ ഉമ്മയുടെ കയ്യില്‍ മുസ്ഹഫ് ഉണ്ടാവുമെന്ന് അയല്‍വാസികള്‍ 'പരിഭവം' പറയാറുണ്ടായിരുന്നു.

ഹൃദയസംബന്ധമായ രോഗം ഉമ്മയെ ബാധിച്ചതായി അറിഞ്ഞത് മുതല്‍ ചികിത്സ യഥാസമയം നടത്തിയെങ്കിലും കുറെ നാളത്തെ തുടര്‍ച്ചയായുള്ള മരുന്നുകള്‍ ആരോഗ്യത്തിന്‌ ക്ഷീണം വരുത്തി. ഇനി ശസ്ത്രക്രിയ മാത്രമേ പോംവഴിയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ ഓപ്പറേഷനോട് ഉമ്മ വൈമുഖ്യം കാണിച്ചു.

ബൈപാസ് ഓപ്പറേഷന് വിധേയനായ എന്റെ മൂത്തച്ചന്‍ ഗഫൂര്‍ക്ക നല്‍കിയ ഉപദേശം അവസാനം ഉമ്മാക്ക് ധൈര്യം പകര്‍ന്നു. അങ്ങിനെ ചെന്നൈയില്‍ ഒരു പ്രശസ്ത ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തു. നിര്‍ഭാഗ്യവശാല്‍ ഓപ്പറേഷന്റെ തലേദിവസം ഉമ്മയുടെ ഒരു ഭാഗം തളര്‍ന്നു. അത് ഭേദമാകാതെ ഓപ്പറേഷന്‍ നടത്താനാവില്ലെന്ന് ഡോക്റ്റര്‍മാര്‍ പറഞ്ഞപ്പോള്‍ നാട്ടിലേക്ക് കൊണ്ട് പോരേണ്ടി വന്നു.

ഒരു മാസത്തിലധികം കോഴിക്കോട്ടും നാട്ടിലുമായി സ്വകാര്യ ആശുപത്രികളില്‍ ചികിത്സിച്ചുകൊണ്ടിരിക്കെ ഒരു ദിവസം ഉമ്മാക്ക് അസുഖം കൂടുതലാണെന്നും ലീവ് കിട്ടുമെങ്കില്‍ തീര്‍ച്ചയായും വരണമെന്നുമുള്ള ഫോണ്‍കാള്‍ വന്നു. ഞാനും അനുജന്‍ സലാഹും പിറ്റേന്ന് തന്നെ പുറപ്പെട്ടു. അനുജന്‍ ഇബ്രാഹീമിന് ലീവ് ശരിയാകാത്തതിനാല്‍ പോരാന്‍ സാധിച്ചില്ല.

ഞങ്ങള്‍ നേരെ ഹോസ്പിറ്റലില്‍ ചെന്ന് .സി.യു.വില്‍ കിടക്കുന്ന ഉമ്മയെ കണ്ടു. ഇടക്ക് ബോധം വരുമ്പോള്‍ കണ്ണ് തുറക്കും. ഒരിക്കല്‍ കണ്ണ് തുറന്നപ്പോള്‍ ഞങ്ങളെ കണ്ടു മുഖത്ത് ചെറു പുഞ്ചിരി വിടര്‍ന്നു. കണ്ണുകള്‍ എന്തൊക്കെയോ ചോദിക്കുകയോ പറയുകയോ ചെയ്യുന്നുണ്ടായിരുന്നു. പൂര്‍ത്തിയാക്കാനാവാതെ വീണ്ടും ബോധരഹിതയായി.

പിറ്റേന്ന് ബലിപെരുന്നാളായിരുന്നു. എല്ലാവരും ഹോസ്പിറ്റലില്‍ നില്‍ക്കെണ്ടെന്നു ഡോക്ടര്‍മാര്‍ക്കും അഭിപ്രായമുണ്ടായതിനാല്‍, രാവിലെ വരാമെന്ന നിലക്ക്, ഒന്ന് രണ്ടു പേരൊഴികെ എല്ലാവരും വീട്ടില്‍ പോയി.

പെരുന്നാള്‍ നമസ്ക്കാരത്തിനു പോകാന്‍ ഞാനും കുട്ടികളും കുളിച്ചു തയാറായിക്കൊണ്ടിരിക്കെ ഹോസ്പിറ്റലില്‍ ഉടനെ എത്തണമെന്ന് പറഞ്ഞു തുടരെത്തുടരെ ഫോണുകള്‍ വന്നു. അരുതാത്തതൊന്നും കേള്‍ക്കരുതെ എന്ന പ്രാര്‍ത്ഥനയോടെ ഹോസ്പിറ്റലില്‍ ചെല്ലുമ്പോള്‍ മരിച്ചു കിടക്കുന്ന ഉമ്മയെക്കണ്ട് എല്ലാ നിയന്ത്രണവും വിട്ടുവെങ്കിലും എല്ലാം സര്‍വ്വശക്തനില്‍ അര്‍പ്പിച്ചു സമനില വീണ്ടെടുത്തു.

പെരുന്നാള്‍ നമസ്കാരം കഴിഞ്ഞാല്‍ യതീംഖാന പള്ളിയില്‍ നിന്നും കൂട്ടുകുടുംബങ്ങളും നാട്ടുകാരുമായി ആളുകള്‍ ഹോസ്പിറ്റലില്‍ എത്തുമെന്നതിനാല്‍ ഉടനെത്തന്നെ മയ്യിത്ത് വീട്ടിലേക്കു കൊണ്ടുപോയി.

ബലിപെരുന്നാളിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ നനവാര്‍ന്ന ഓര്‍മ്മയായി കിടക്കുന്നത് സ്നേഹനിധിയായ ഉമ്മയുടെ ചലനമറ്റ മുഖമാണ്. അള്ളാഹു ഉമ്മയേയും നമ്മെ ഏവരേയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമാറാവട്ടെ; ആമീന്‍.

http://www.islahiclassroom.com/p/narunilavu.html

ഹജ്ജ് 1953














അവാര്‍ഡ്‌ നേടിയ ബാലകൃഷന്‍ വള്ളിക്കുന്ന് സാറിന് ഒരു ശിഷ്യന്റെ ആയിരമായിരം പൂച്ചെണ്ടുകള്‍



മാപ്പിള കലയെയും സാഹിത്യത്തെയും കുറിച്ച ഒട്ടേറെ പ്രഭാഷണങ്ങള്‍ നടത്തുകയും പഠന പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ഗവേഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള ആളാണ്‌ എന്റെ ഗുരുനാഥന്‍ കൂടിയായ ബാലകൃഷ്ണന്‍ വള്ളിക്കുന്ന് മാസ്റ്റര്‍. എസ്.എസ്.എഫ്. ഏര്‍പ്പെടുത്തിയ പ്രഥമ സാഹിത്യോല്സവ് അവാര്‍ഡ്‌ സാറിനു കിട്ടിയതില്‍ എന്നെപ്പോലുള്ള ശിഷ്യന്മാര്‍ വളരെയധികം സന്തോഷിക്കുന്നു.



സാറിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സ്കൂള്‍ വിദ്യാഭ്യാസ കാലത്തെയാണ് ഓര്‍മ്മ വരുന്നത്. എസ്.എസ്.എല്‍.സി.ക്ക് പഠിച്ചു കൊണ്ടിരിക്കെയാണ് സാറുമായി കൂടുതല്‍ അടുക്കാനായത്. തിരൂരങ്ങാടി ഗവര്‍മെന്റ് സ്കൂളിലെ മലയാളം അദ്ധ്യാപകന്‍ ആയിരുന്നു ബാലകൃഷ്ണന്‍ മാസ്റ്റര്‍. വിദ്യാര്തികളുടെ സാഹിത്യ വാസനയെ പ്രോത്സാഹിപ്പിക്കുന്ന ത്തില്‍ മറ്റു അധ്യാപകരെക്കാള്‍ മുന്നില്‍ സാര്‍ ഉണ്ടായിരുന്നു. ഇടക്കിടെ സാഹിത്യ സമാജം ഉണ്ടാവും. കൂടാതെ ഒരു സ്കൂളില്‍ ഒരു കയ്യെഴുത്ത് മാസിക ആരംഭിച്ചത് സാറിന്റെ മേല്‍ നോട്ടത്തില്‍ ആയിരുന്നു. ശ്രീധരന്‍, അബ്ദുറഹിമാന്‍, മോഹന്‍ദാസ്‌ തുടങ്ങി ഞങ്ങള്‍ നാലഞ്ചു പേര്‍ ആയിരുന്നു അതിനു സാറിനോടൊപ്പം ഉണ്ടായിരുന്നത്.

അതിന്നിടയിലാണ് അന്നത്തെ ഉപമുഖ്യമന്ത്രിയും സ്ഥലം എം.എല്‍.എ.യുമായ കെ. അവുക്കാദര്‍കുട്ടി നഹ സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ വന്നത്. സ്വാഗത പ്രസംഗം നടന്നു കൊണ്ടിരിക്കെ എന്നെ ബാലകൃഷ്ണന്‍ സാര്‍ എന്നെ വിളിച്ചു കൊണ്ട് പോയി സ്റ്റേജില്‍ അവസാന നിരയില്‍ വെച്ച് അന്നത്തെ പ്രോഗ്രാം എഴുതിച്ചു. ആ വര്ഷം നടത്തിയ കയ്യെഴുത്ത് മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയത് കൊണ്ടായിരിക്കാം എഴുതാന്‍ വിളിച്ചത്. അത് എഴുതിക്കൊണ്ടിരിക്കെ എന്നെ കണ്ട നഹാ സാഹിബ് തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്ന പി.ടി.എ. പ്രസിഡന്റും അധ്യക്ഷനുമായ കാരാടന്‍ മുഹമ്മദ്‌ ഹാജിയോട് (എന്റെ വല്ലിപ്പയുടെ സഹോദരന്‍) ചോദിച്ചു ഇവന്‍ മൊയ്തീന്റെ മകനല്ലേ എന്ന്.

സ്കൂള്‍ പഠനത്തിന്നിടെ മാതൃഭൂമി പത്രത്തില്‍ വന്നിരുന്ന 'യുവരശ്മി' എന്ന പംക്തിയില്‍ ഉണ്ടാവുന്ന ചര്‍ച്ചയില്‍ ഇടക്കിടെ അഭിപ്രായങ്ങള്‍ എഴുതി അയക്കും. ചിലത് വെണ്ടയ്ക്ക അക്ഷരത്തില്‍ വരാറുണ്ട്. ഹിപ്പികളെ ക്കുറിച്ചുള്ള ചര്‍ച്ചയില്‍ 'മുളയില്‍ തന്നെ നുള്ളണം' എന്ന തലക്കെട്ട വന്നത് വെണ്ടയ്ക്ക അക്ഷരത്തില്‍ ആയിരുന്നു എന്നത് ഓര്‍ക്കുന്നു. അതൊക്കെ വായിച്ചു സാറും പ്രോത്സാഹിപ്പിച്ചിരുന്നു. പത്രത്തില്‍ വരുന്നത് കാണിച്ചു തന്നിരുന്നത് എന്റെ പിതാവായിരുന്നു. ഞങ്ങളുടെ കടക്കു തൊട്ടടുത്തുള്ള കടയില്‍ മാതൃഭുമി പത്രമാണ്‌ വാങ്ങാറ്.

അതിന്നിടയില്‍ ഞാനൊരു കൊച്ചു നാടകം എഴുതി ആകാശവാണിയിലേക്ക് അയച്ചു. കുറച്ചു ദിവസം കഴിഞ്ഞു അത് പോയ പോലെ തന്നെ തിരിച്ചു വന്നു; കൂടെ ഇംഗ്ലീഷില്‍ ഒരു കുറിപ്പും ഉണ്ടായിരുന്നു. അര്‍ഥം അറിയാന്‍ പോയത് സാറിന്റെ അടുത്തേക്ക് തന്നെ. ആകാശവാണിക്ക് നാടകം കൊള്ളാമെന്നു അത് ശബ്ദരേഖ രൂപത്തില്‍ ആക്കി അയച്ചു കൊടുക്കണം എന്നുമാണ് കുറിപ്പില്‍ ഉള്ളതെന്ന് ബാലകൃഷ്ണന്‍ സാര്‍ പറഞ്ഞു. ആകാശവാണിയിലെ പ്രോഗ്രാം ഡയരക്റ്റര്‍ എ.പി. മെഹറലിയാണ് ഒപ്പിട്ടതെന്ന് ഓര്‍ക്കുന്നു. പിന്നീട് അത് തൊട്ടു നോക്കാതെ മേശ വലിപ്പില്‍ കിടന്നു ചിതല്‍ അരിച്ചു. പിന്നീട് ആ ഉദ്യമത്തിന് മുതിര്‍ന്നില്ല.

ബാലകൃഷ്ണ്‍ വള്ളിക്കുന്ന് എന്ന സാറിനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ മനസ്സില്‍ വന്നത് കുറിച്ചിട്ടു എന്ന് മാത്രം. സാര്‍ എന്നും വിദ്യാര്‍ത്ഥികളുടെ കല-സാഹിത്യ അഭിരുചികളെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നത് നന്ദിയോടെ സ്മരിക്കുന്നു.

ഓര്‍മ്മയിലെ നോമ്പ്: മുറിഞ്ഞു പോയ നോമ്പിന്റെ വേദന (തേജസ്‌ - 13/08/2011)


പ്രവാസികളുടെ പ്രശ്നങ്ങളില്‍ അടിയന്തിരമായി ഇടപെട്ട കേന്ദ്ര മന്ത്രി ഇ. അഹമ്മദ് സാഹിബിനു ജിദ്ദയില്‍ വമ്പിച്ച സ്വീകരണം.


ഹുറൂബിന്റെ കുരുക്കഴിയാതെ സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കയാത്രക്ക് സൗദി അധികൃതര്‍ ഉദാരസമീപനം സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു. ജിദ്ദയില്‍ കെ.എം.സി.സി. ഇമ്പാല ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഹുറൂബില്‍ അകപെട്ട ഇന്ത്യക്കാരുടെ പ്രശ്നം പരിഹരിക്കുക എന്നത് വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ എന്റെ കര്‍ത്തവ്യമായി ഏറ്റെടുത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിദ്ദ കെ.എം.സി.സി. ആക്ടിംഗ് പ്രസിഡന്റ്‌ പഴേരി കുഞ്ഞി മുഹമ്മദ്‌ അധ്യക്ഷത വഹിച്ച യോഗം സൗദി കെ.എം.സി.സി. നേതാവും വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിടന്റുമായ എം.എം. കുട്ടി മൌലവി ഉദ്ഘാടനം ചെയ്തു.

തൊഴിലാളി ഒളിച്ചോടിയെന്ന് സ്‌പോണ്‍സര്‍ ജവാസാത്ത് ഓഫീസില്‍ പരാതി നല്‍കുന്ന നടപടിക്രമമാണ് ഹുറൂബ്. ഇതോടെ ഇത്തരം തൊഴിലാളികള്‍ നിയമ ലംഘകരായി മാറും. തൊഴില്‍ മന്ത്രിയുമായുള്ള ചര്‍ച്ച ഏറെ ഫലപ്രദമായിരുന്നുവെന്നും ഹുറൂബ് വിഷയത്തോട് വളരെ അനുഭാവപൂര്‍ണ്ണമായ നിലപാടാണ് മന്ത്രി കൈകൊണ്ടതെന്നും അഹമ്മദ് പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ പെട്ടിട്ടില്ലാത്ത ഹുറൂബുകാര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അവസരം അടുത്ത ജൂലൈ വരെ ഉണ്ടായിരിക്കും. സ്‌പോണ്‍സര്‍ നേരിട്ട് ഗവര്‍ണറേറ്റില്‍ ഹാജറായാലേ ഹുറൂബുകാരുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാകൂ എന്നാണ് വ്യവസ്ഥ. പക്ഷേ, ഭൂരിപക്ഷം ഹുറൂബുകാര്‍ക്കും സ്‌പോണ്‍സറെ കണ്ടെത്തുക തന്നെ പ്രയാസകരമാണെന്നതിനാല്‍ സ്‌പോണ്‍സര്‍മാര്‍ക്ക് ഹാജരാകാന്‍ സമയ പരിധി നിശ്ചയിക്കാനും തുടര്‍ന്ന് ഇവരെ നാട്ടിലേക്ക് അയക്കാനും നാടുകടത്തല്‍ കേന്ദ്രങ്ങള്‍ക്ക് അധികാരം നല്‍കുന്ന നടപടികളുണ്ടാവും. ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ അനുഭാവ പൂര്‍വ്വമാണ് മന്ത്രി കേട്ടതെന്നും പ്രശ്‌ന പരിഹാരങ്ങള്‍ക്കുള്ള നീക്കങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും അഹമദ് പറഞ്ഞു.

ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഫീസ്‌ പ്രശ്നം പഠിച്ച ശേഷം തന്നാല്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് അഹമ്മദ് സാഹിബ് പറഞ്ഞു.

പ്രവാസികളുടെ പ്രശ്നത്തിന് പരിഹാരം കാണുന്ന ഇ. അഹമ്മദ് സാഹിബിന്റെ പരിപാടിയില്‍ കെ.എം.സി.സി. പ്രവര്‍ത്തകരും മറ്റു രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരുമായി നൂറുക്കണക്കിനു പേരാണ് പങ്കെടുത്തത്.