പ്രവാസികളുടെ പ്രശ്നങ്ങളില്‍ അടിയന്തിരമായി ഇടപെട്ട കേന്ദ്ര മന്ത്രി ഇ. അഹമ്മദ് സാഹിബിനു ജിദ്ദയില്‍ വമ്പിച്ച സ്വീകരണം.


ഹുറൂബിന്റെ കുരുക്കഴിയാതെ സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ മടക്കയാത്രക്ക് സൗദി അധികൃതര്‍ ഉദാരസമീപനം സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു. ജിദ്ദയില്‍ കെ.എം.സി.സി. ഇമ്പാല ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഹുറൂബില്‍ അകപെട്ട ഇന്ത്യക്കാരുടെ പ്രശ്നം പരിഹരിക്കുക എന്നത് വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ എന്റെ കര്‍ത്തവ്യമായി ഏറ്റെടുത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജിദ്ദ കെ.എം.സി.സി. ആക്ടിംഗ് പ്രസിഡന്റ്‌ പഴേരി കുഞ്ഞി മുഹമ്മദ്‌ അധ്യക്ഷത വഹിച്ച യോഗം സൗദി കെ.എം.സി.സി. നേതാവും വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിടന്റുമായ എം.എം. കുട്ടി മൌലവി ഉദ്ഘാടനം ചെയ്തു.

തൊഴിലാളി ഒളിച്ചോടിയെന്ന് സ്‌പോണ്‍സര്‍ ജവാസാത്ത് ഓഫീസില്‍ പരാതി നല്‍കുന്ന നടപടിക്രമമാണ് ഹുറൂബ്. ഇതോടെ ഇത്തരം തൊഴിലാളികള്‍ നിയമ ലംഘകരായി മാറും. തൊഴില്‍ മന്ത്രിയുമായുള്ള ചര്‍ച്ച ഏറെ ഫലപ്രദമായിരുന്നുവെന്നും ഹുറൂബ് വിഷയത്തോട് വളരെ അനുഭാവപൂര്‍ണ്ണമായ നിലപാടാണ് മന്ത്രി കൈകൊണ്ടതെന്നും അഹമ്മദ് പറഞ്ഞു. ക്രിമിനല്‍ കേസുകളില്‍ പെട്ടിട്ടില്ലാത്ത ഹുറൂബുകാര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അവസരം അടുത്ത ജൂലൈ വരെ ഉണ്ടായിരിക്കും. സ്‌പോണ്‍സര്‍ നേരിട്ട് ഗവര്‍ണറേറ്റില്‍ ഹാജറായാലേ ഹുറൂബുകാരുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാകൂ എന്നാണ് വ്യവസ്ഥ. പക്ഷേ, ഭൂരിപക്ഷം ഹുറൂബുകാര്‍ക്കും സ്‌പോണ്‍സറെ കണ്ടെത്തുക തന്നെ പ്രയാസകരമാണെന്നതിനാല്‍ സ്‌പോണ്‍സര്‍മാര്‍ക്ക് ഹാജരാകാന്‍ സമയ പരിധി നിശ്ചയിക്കാനും തുടര്‍ന്ന് ഇവരെ നാട്ടിലേക്ക് അയക്കാനും നാടുകടത്തല്‍ കേന്ദ്രങ്ങള്‍ക്ക് അധികാരം നല്‍കുന്ന നടപടികളുണ്ടാവും. ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ അനുഭാവ പൂര്‍വ്വമാണ് മന്ത്രി കേട്ടതെന്നും പ്രശ്‌ന പരിഹാരങ്ങള്‍ക്കുള്ള നീക്കങ്ങള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും അഹമദ് പറഞ്ഞു.

ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഫീസ്‌ പ്രശ്നം പഠിച്ച ശേഷം തന്നാല്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് അഹമ്മദ് സാഹിബ് പറഞ്ഞു.

പ്രവാസികളുടെ പ്രശ്നത്തിന് പരിഹാരം കാണുന്ന ഇ. അഹമ്മദ് സാഹിബിന്റെ പരിപാടിയില്‍ കെ.എം.സി.സി. പ്രവര്‍ത്തകരും മറ്റു രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരുമായി നൂറുക്കണക്കിനു പേരാണ് പങ്കെടുത്തത്.

1 comments:

Kadalass പറഞ്ഞു...

പ്രവാസികളെ ആർക്കും മറക്കാൻ കഴിയില്ല.
ഇനിയും ഒരുപാട് കാര്യങ്ങൾ പ്രവാസികൾക്ക് ചൈതുകൊടുക്കേണ്ടതുണ്ട്...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ