'രണ്ടുരൂപാ അരി - പത്രത്തിലുണ്ട്; പാത്രത്തിലില്ല.
തിരുവനന്തപുരം/കോട്ടയം: ആശ്വാസ നടപടിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു രൂപ അരിപദ്ധതി വാങ്ങാന്‍ ചെന്നവര്‍ക്ക് ആഘാതമായി. ഒരിടത്തും അരി കിട്ടിയില്ല. മേയ് മാസം കിട്ടിയാല്‍ ഭാഗ്യം. അതിനു സര്‍ക്കാര്‍ നേരിട്ടു പണമടയ്ക്കണം, വേണ്ടത്ര ശേഖരം കടകളിലെത്തിക്കണം. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കണം. കടമ്പകള്‍ ഇനിയും അനവധി.
തെരഞ്ഞെടുപ്പു കമ്മിഷന്റെ വിലക്ക് ശനിയാഴ്ച നീങ്ങിയതോടെ തിങ്കളാഴ്ച മുതല്‍ എ.പി.എല്ലുകാര്‍ക്ക് രണ്ടു രൂപ അരി വിതരണം ചെയ്തുതുടങ്ങുമെന്ന സര്‍ക്കാര്‍ അറിയിപ്പനുസരിച്ച് ഇന്നലെ റേഷന്കടകളിലെത്തിയവര് നിരാശരായി മടങ്ങി. കുറഞ്ഞ നിരക്കില്‍ അരി നല്കുമ്പോള് കടക്കാര്ക്കുണ്ടാകുന്ന നഷ്ടം നികത്തുന്ന കാര്യത്തില്‍ ധാരണയുണ്ടാക്കാന്‍ സര്‍ക്കാരിനു കഴിയാഞ്ഞതും കടകളില്‍ കരുതല്‍ശേഖരം ഇല്ലാത്തതുമാണു പദ്ധതി പൊളിയാന്‍ കാരണം. പക്ഷേ പെരുമാറ്റച്ചട്ടത്തില്‍ ഇളവനുവദിച്ചതായി തെരഞ്ഞെടുപ്പു കമ്മിഷന് ശനിയാഴ്ച പ്രഖ്യാപിച്ചെങ്കിലും ഉത്തരവിറങ്ങാന്‍ താമസിച്ചതാണ് അരി വിതരണം വൈകാന്‍ കാരണമെന്ന വിചിത്ര വാദമാണു ഭക്ഷ്യമന്ത്രി ഇന്നലെ ഉയര്‍ത്തിയത്.
സര്‍ക്കാര്‍ തന്നെ എഫ്.സി.ഐയില്‍ പണമടച്ച് അടുത്ത മാസംമുതല്‍ രണ്ടു രൂപ അരി നല്‍കുമെന്നാണ് ഭക്ഷ്യവകുപ്പിന്റെ പുതിയ നിലപാട്. തെരഞ്ഞെടുപ്പു കമ്മിഷന്റെ രേഖാമൂലമുള്ള ഉത്തരവ് ഇന്നലെ ഉച്ചയോടെ മാത്രമാണ് ലഭിച്ചതെന്നു മന്ത്രി സി. ദിവാകരന് അറിയിച്ചു.
റേഷന്‍ വ്യാപാരികള്‍ക്കു നല്‍കാനുള്ള കുടിശികത്തുക അടുത്തമാസം പൂര്‍ണമായും വിതരണം ചെയ്യും. ഇതോടെ റേഷന്‍ വ്യാപാരികള്‍ക്കുള്ള സാമ്പത്തിക ബാധ്യത ഒഴിവാക്കപ്പെടുമെന്നും മന്ത്രിയുടെ ഓഫിസ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നിലവില്‍ എ.പി.എല്ലുകാര്‍ക്ക് 8.90 രൂപയ്ക്കാണ് അരി നല്‍കുന്നത്. ഈ നിരക്കില്‍ ഈ മാസം ഏഴു കിലോ അരി അനുവദിച്ചിട്ടുണ്ട്. ഇതില്‍ ആദ്യ ഗഡുവായ അഞ്ചു കിലോ വിഷുവിനു മുമ്പു വിതരണം ചെയ്തു.
അതിനാല്‍ കടകളില്‍ കരുതല്‍ശേഖരം കുറവാണ്. 8.90 രൂപയ്ക്കു വാങ്ങുന്ന അരി രണ്ടു രൂപയ്ക്കു നല്കുമ്പോള് തങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താതെ അരി നല്‍കാനാവില്ലെന്ന നിലപാടിലാണു കടക്കാര്. അല്ലെങ്കില്‍ സര്‍ക്കാര്‍ പണമടച്ച് കടകളില്‍ അരിയെത്തിക്കണം. ധനവകുപ്പില്‍ നിന്നും പണം നേരിട്ട് എഫ്.സി.ഐക്ക് കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അവര്‍ പറയുന്നു. പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ വേണ്ട തുക വകയിരുത്താത്തതാണു പ്രതിസന്ധിക്കു കാരണം.
ഇക്കാര്യം അന്നുതന്നെ പൊതുവിതരണ വകുപ്പിലെ ഉന്നതര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
വ്യാപാരികള്‍ വിട്ടുവീഴ്ചയ്ക്കില്ലാത്തതിനാല് പദ്ധതി തുടങ്ങാന്‍ ആഴ്ചകള്‍ വേണ്ടിവരും. കരുതല്‍ശേഖരവും വിലയും മാത്രമല്ല പ്രശ്നം; ഗുണഭോക്താക്കളെ റേഷന്‍കടകളിലൂടെ ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ താലൂക്ക് സപ്ലൈ ഓഫീസാണ് തെരഞ്ഞെടുക്കേണ്ടത്. ഈ നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. തെരഞ്ഞെടുപ്പുമൂലം ഇത്തരം ജോലികള്‍ മുടക്കത്തിലായിരുന്നു. അവധികള്‍ കഴിച്ചാല്‍ ഈ മാസം അവശേഷിക്കുന്നത് ഒമ്പതു ദിവസമാണ്. മേയ് രണ്ടാം വാരം പദ്ധതി തുടങ്ങാന്‍ കഴിഞ്ഞേക്കും. അപ്പോഴേക്കും തെരഞ്ഞെടുപ്പു ഫലവും പുറത്തുവരും.
താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ പറഞ്ഞാലും 8.90 രൂപയ്ക്ക് വാങ്ങിവെച്ചിരിക്കുന്ന അരി രണ്ടുരൂപയ്ക്കു നല്‍കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് റേഷന്‍ വ്യാപാരികള്‍. ഒരു കിലോയ്ക്ക് 6.90 പൈസ നിരക്കില്‍ ഒരു മാസം 40 കോടി രൂപയാണു നഷ്ടമാകുന്നത്. ഭരണമൊഴിയുന്ന സര്‍ക്കാര്‍ ഈ പണം നല്‍കുമെന്ന് എങ്ങനെ വിശ്വസിക്കുമെന്നും അവര്‍ ചോദിക്കുന്നു.
രണ്ടുരൂപയുടെ അരി വാങ്ങാന്‍ ഇന്നലെ രാവിലെ തന്നെ റേഷന്‍കടകള്‍ക്കു മുന്നില്‍ വന്‍ തിരക്കായിരുന്നു. തങ്ങള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ആ നിരക്കില്‍ അരി നല്കാന് സ്റ്റോക്കില്ലെന്നും ആയിരുന്നു വ്യാപാരികളുടെ പ്രതികരണം.
പ്രതിസന്ധി പരിഹരിക്കാന്‍ രണ്ടു രൂപ അരിയുടെ സ്റ്റോക്ക് റേഷന്‍ ഡിപ്പോകളില്‍ എത്തിക്കണമെന്ന് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് സി. സുരേന്ദ്രന്, ഓള് ഇന്ത്യാ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍, സംസ്ഥാന സെക്രട്ടറി എ. ഷാജഹാന് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
- ആര്. സുരേഷ്/ എം.എസ്. സന്ദീപ്.
Posted by
Samad Karadan
ഇത് ഇമെയിലയയ്ക്കുക
ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ!
X എന്നതിൽ പങ്കിടുക
Facebook ല്‍ പങ്കിടുക
2 comments:
നമുക്ക് പറയാന്‍ എന്തെളുപ്പമാണ് ...............
ഇനി ഇപ്പൊ മെയ് പതിമൂന്നു കഴിഞ്ഞേ..ഒരു രൂപക്കോ..രണ്ടു രൂപക്കോ..അതല്ല ഇപ്പോളത്തെ പോലെ പതിമൂന്നു രൂപയ്ക്കു തന്നെയോ അരി എന്ന് അറിയൂ എന്തേ...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ