വോട്ടെടുപ്പ: പ്രവാസികളെയും വഹിച്ച് കൊണ്ടുള്ള ചാര്‍ട്ടര്‍ വീമാനം കരിപ്പൂരില്‍ 10ന് എത്തും


കോഴിക്കോട്: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി പ്രവാസികളെയും വഹിച്ച് കൊണ്ടുള്ള ചാര്‍ട്ടര്‍ വിമാനം ഏപ്രില്‍ 10നു പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. ആദ്യമായാണ് വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ക്ക് വേണ്ടി വിമാനം ചാര്‍ട്ട് ചെയ്യുന്നത്.

മുസ്‌ലിം ലീഗിന്റെ പ്രവാസി സംഘടനയായ ദുബയിലെ കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്ററാണ് (കെ.എം.സി.സി) 160 വോട്ടര്‍മാരെ കൊണ്ടുള്ള വിമാനം ചാര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രവാസികള്‍ക്കു വോട്ടവകാശം ലഭിച്ചതിലുള്ള സന്തോഷം പങ്കിടുന്നതിനു കൂടിയാണ് സംഘടന ഇത്തരമൊരു തീരുമാനം എടുത്തതെന്ന് കെ.എം.സി.സി നേതാവായ യഹ്യ തളങ്കര കാസര്‍കോട് പറഞ്ഞു.

ഏപ്രില്‍ ഒമ്പതിന് ശനിയാഴ്ച രാത്രി 10 മണിക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണു വോട്ടര്‍മാര്‍ കൂട്ടത്തോടെ എത്തുന്നത്. കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വോട്ടര്‍മാരാണ് വിമാനത്തില്‍ ഉണ്ടാവുക.

കാസര്‍കോട്ടെ ഇരുപതിലധികം വോട്ടര്‍മാര്‍ ചാര്‍ട്ടര്‍ വിമാനത്തില്‍ യാത്രക്കാരായിരിക്കും. ടിക്കറ്റ് ചാര്‍ജ്ജ് അവരവര്‍ തന്നെയാണ് വഹിക്കുന്നതെങ്കിലും ഇതിന്റെ കോ-ഓര്‍ഡിനേഷന്‍ മാത്രമാണ് സംഘടനയ്ക്കുള്ളത്.

2006ലെ തിരഞ്ഞെടുപ്പില്‍ ഗള്‍ഫ് വോട്ടര്‍മാര്‍ കൂട്ടത്തോടെ എത്തിയിരുന്നെങ്കിലും സ്‌പെഷ്യല്‍ വിമാനം ചാര്‍ട്ടര്‍ ചെയ്തിരുന്നില്ല. ദുബയ്, കെ.എം.സി.സി ഭാരവാഹികളായ ഡോ. പുത്തൂര്‍ റഹ്മാന്‍, യഹ്യ തളങ്കര, ഇബ്രാഹീം എളേറ്റില്‍ എന്നിവരുടെ നേതൃത്വത്തിലാണു വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നതിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ ചെയ്തിട്ടുള്ളത്. പണം പകുതി ആദ്യം നല്‍കിയാല്‍ മാത്രമേ വിമാനം ചാര്‍ട്ടര്‍ ചെയ്യാനാവൂ. ടിക്കറ്റ് ചാര്‍ജ് കുറവാണെന്നതാണ് ഈ വിമാനത്തിന്റെ പ്രത്യേകത.

വോട്ടര്‍മാര്‍ സ്വന്തം നിലയ്ക്കാണ് ടിക്കറ്റുകള്‍ എടുത്തിട്ടുള്ളത്. ദുബയിക്കു പുറമെ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ സാധ്യതയുണ്ട്. 10ന് പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രവാസി വോട്ടര്‍മാരെ സ്വീകരിക്കാനും കെ.എം.സി.സി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.

ദുബായ് കെ.എം.സി.സി ഭാരവാഹിയായ ഇബ്രാഹീം എളേറ്റില്‍ ഇതിനായി നാട്ടിലെത്തിയിട്ടുണ്ട്. നാട്ടിലുള്ള കുടുംബങ്ങളെ യു.ഡി.എഫിന് അനുകൂലമാക്കുന്നതിനു വേണ്ടി ദുബായ് കെ.എം.സി.സി സ്‌പെഷ്യല്‍ കോള്‍ സെന്ററും ആരംഭിച്ചിട്ടുണ്ട്.

1 comments:

ബെഞ്ചാലി പറഞ്ഞു...

വോട്ടില്ലാത്ത എന്നെ കൊണ്ട് പോകുമോ? :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ